കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലെ വുഹാനില്‍ നിന്നും ഇന്ത്യാക്കാരേയും വഹിച്ചുകൊണ്ടുള്ള വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തി. 324 പേരാണ് വിമാനത്തിലുള്ളത്. ഇതില്‍ 42 പേര്‍ മലയാളികളാണ്.
56 പേർ ആന്ധ്രയിൽ നിന്നുള്ളവരാണ്. തമിഴ്നാട്ടിൽ നിന്ന് 53 പേരാണ് എത്തിയത്. യാത്ര ചെയ്യുന്നതിനു രണ്ട് ഇന്ത്യക്കാരെ ചൈനീസ് എമിഗ്രേഷൻ അധികൃതർ തടഞ്ഞു. ഇരുവർക്കും ഉയർന്ന ശരീരോഷ്മാവ് ഉണ്ടായിരുന്നതാണു കാരണം. ഒരു പുരുഷനെയും ഒരു സ്ത്രീയെയുമാണു തടഞ്ഞത്. ഇരുവരെയും ചൈനയിൽ തന്നെ വിശദമായി പരിശോധിക്കും. ഇതില്‍ 211 വിദ്യാര്‍ഥികളും മൂന്ന് കുട്ടികളും എട്ട് കുടുംബാംഗങ്ങളും ഉള്‍പ്പെടുന്നു.
ഡല്‍ഹി റാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെ അഞ്ചുഡോക്ടര്‍മാരും എയര്‍ ഇന്ത്യയുടെ പാരാമെഡിക്കല്‍ സ്റ്റാഫുമായി ഡല്‍ഹിയില്‍നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 747 വിമാനം വൈകിട്ടോടെയാണ് വുഹാനിലെത്തിയത്. രാത്രി പതിനൊന്നുമണിയോടെ ബോര്‍ഡിങ് നടപടികള്‍ പൂര്‍ത്തിയാക്കി വിമാനം യാത്ര തിരിച്ചു.
വൈറസ് ബാധയില്ലെന്ന് ചൈന അധികൃതർ ഉറപ്പാക്കിയവരെയാണ് തിരികെ കൊണ്ടു വരുന്നത്. ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നവരെ രണ്ടാഴ്ച സമ്പൂർണ ആരോഗ്യ പരിശോധനയ്ക്കു വിധേയമാക്കാൻ കരസേനയും ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസും (ഐടിബിപി) രണ്ടിടത്തായി ക്യാംപുകൾ സജ്ജമാക്കി. 600 കിടക്കകളാണ് ഡൽഹി ചാവ്‌ല മേഖലയിലെ ഐടിബിപി ആസ്ഥാനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയുമാണ് ഇവിടെ താമസിപ്പിച്ചു നിരീക്ഷിക്കുക.