India National

പിപിഇ കിറ്റ് ധരിക്കുന്ന ഡോക്ടര്‍മാരുടെയും നഴ്‍സുമാരുടെയും ശരീരഭാരം കുറയുന്നുവെന്ന് പഠനം

കൊറോണ വൈറസ് ബാധയേല്‍ക്കാതിരിക്കാനായി കോവിഡ് 19 രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും പിപിഇ കിറ്റ് ധരിക്കാറുണ്ട്. അത് നിര്‍ബന്ധമാണുതാനും. ഡ്യൂട്ടിയിലുള്ള സമയം മുഴുവനും, ഇടവേളകളില്ലാതെ, അതെത്ര മണിക്കൂര്‍ ആയാലും ഡോക്ടര്‍മാരും നഴ്‍സുമാരും പൂര്‍ണമായും ഈ പിപിഇ കിറ്റിനുള്ളിലായിരിക്കും. പിപിഇ കിറ്റ് ധരിക്കുമ്പോഴുള്ള വിയര്‍പ്പ്, ശ്വാസംമുട്ടല്‍, സമ്മര്‍ദ്ദം, ക്ഷീണം ഇവയെല്ലാം അതിജീവിച്ചാണ് ഇവര്‍ മാസങ്ങളായി ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. അതിനാല്‍ അവര്‍ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പഠനം.

പിപിഇ കിറ്റ് ധരിക്കുന്നവരില്‍ ശരീരഭാരം കുറയുന്നുവെന്നാണ് മുംബൈയിലെ ആരോഗ്യപ്രവര്‍ത്തകരില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. മുംബൈയിലെ കോവിഡ് വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം ഡോക്ടര്‍മാരും ശരീരഭാരം കുറയുന്നുവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

”പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുക എന്നത് ഒട്ടും എളുപ്പമല്ല. ഇതെല്ലാം കൂടി ഇട്ട് ജോലി ചെയ്യുമ്പോള്‍ ശരിക്കും ശ്വാസം മുട്ടും. ചൂട് സഹിക്ക വയ്യാതെ വിയര്‍ത്തൊഴുകും. ഷിഫ്റ്റ് തീരുന്നതുവരെ ഈ കിറ്റ് ഊരാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഒന്ന് ടോയ്‍ലറ്റില്‍ പോകാനും കഴിയില്ല. സ്വാഭാവികമായും ഷിഫ്റ്റ് അവസാനിക്കുമ്പോഴേക്കും ആകെ തളരും. ക്ഷീണവും മാനസിക സമ്മര്‍ദ്ദവും കാരണം ശരീരഭാരം കുറയാനും മെലിയാനും തുടങ്ങി. അടുത്ത കാലത്തൊന്നും ഈ ജോലി രീതിയില്‍ മാറ്റമുണ്ടാകാന്‍ പോകുന്നില്ല എന്നുറപ്പാണ്. അതുകൊണ്ടുതന്നെ ആരോഗ്യത്തെ ഇനിയും ദോഷകരമായി ബാധിക്കുകയേ ഉള്ളൂവെന്ന് പറയുന്നു മുംബൈയിലെ ഒരു ഡോക്ടര്‍.

മറ്റ് ഡോക്ടര്‍മാരും പറയുന്നത് ഇത് തന്നെയാണ്. പക്ഷേ, തങ്ങള്‍ ജോലി ചെയ്യുന്നത് ഇത്രയേറെ സമ്മര്‍ദ്ദങ്ങള്‍ അതിജീവിച്ചാണെങ്കിലും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്‍നിരയില്‍ നില്‍ക്കാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഈ ഡോക്ടര്‍മാര്‍ പറയുന്നു. തങ്ങളുടെ ആരോഗ്യകാര്യത്തില്‍ കുടുംബാംഗങ്ങള്‍ വല്ലാതെ ടെന്‍ഷനിലാവുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.