കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ അടുത്തമാസം വരെ നിയന്ത്രണം നീളും. ജൂൺ ഒന്ന് രാവിലെ ഒന്നുവരെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ തുടരുമെന്ന് സർക്കാർ അറിയിച്ചു. അവശ്യ സർവിസുകൾക്ക് നിയന്ത്രണം ഉണ്ടാകില്ല. അവശ്യ സാധനങ്ങൾ ഹോം ഡെലിവറിയായി എത്തിക്കാൻ പരമാവധി ശ്രമിക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. സംസ്ഥാനത്തേക്ക് പ്രവേശിക്കണമെങ്കിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി.
രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. പ്രതിദിനം ലക്ഷത്തിനടുത്ത് കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിനു പിന്നാലെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം 46,781 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 816 മരണവും സ്ഥിരീകരിച്ചു. 17.36 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. 1.49 ശതമാനമാണ് മരണനിരക്കെന്നും ആരോഗ്യവകുപ്പ് പുറത്തുവിടുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.