രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1,03,558 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 478 മരണവും റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം തരംഗത്തിൽ പ്രതിദിന കേസുകൾ ഒരുലക്ഷത്തിലേക്കെത്തിയത് അതിവേഗത്തിലാണ്.
സെപ്തംബര്‍ 16 ന് 97,894 കേസുകൾ റിപ്പോർട്ട് ചെയ്തതായിരുന്നു ഇതുവരെയുള്ള ഉയർന്ന നിരക്ക്. രണ്ടാം തരംഗം അതീവ ഗുരുതരമാണെന്നും മൈക്രോ ലോക്ക്ഡൗണും യാത്ര നിയന്ത്രണവും അനിവാര്യമാണെന്നും ഡൽഹി എയിംസ് തലവൻ രൺദീപ് ഗുലേറിയ പ്രതികരിച്ചു.
നിയമസഭ തെരഞ്ഞെടുപ്പുകളും ഹോളിയടക്കമുള്ള ആഘോഷങ്ങളും പ്രോട്ടോക്കോൾ ലംഘനവും അതിവേഗ രോഗബാധയ്ക്ക് കാരണമായതായാണ് വിലയിരുത്തല്‍. പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദേശം നൽകി.
രാജ്യത്തെ കോവിഡ് കേസുകളില്‍ 60 ശതമാനവും റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിൽ രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും ഏർപ്പെടുത്തി. ഛത്തീസ്ഗഢ്, കര്‍ണാടക, ഡല്‍ഹി, പഞ്ചാബ്, എന്നീ സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ ഉയരുകയാണ്.
രാജസ്ഥാനില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഒപ്പം ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളും ജിംനേഷ്യം, മള്‍ട്ടിപ്ലക്സുകള്‍ എന്നിവയും അടച്ചുപൂട്ടാന്‍ തീരുമാനമായി. അതേസമയം, രാജ്യത്ത് എട്ടുകോടി പേര്‍ ഇതുവരെ കോവിഡ് വാക്സിന്‍ സ്വീകരിച്ചു.