തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ നിരവധി കേസുകളിലെ പ്രതികളായ സഹോദരങ്ങളെ പൊലിസ് വെടിവെച്ച് പിടികൂടി. പൊലിസിനെ വെട്ടിപ്പരുക്കേല്‍പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പൊലിസ് ഇരുവരേയും വെടിവെച്ചത്. പ്രതികളുടെ ആക്രമണത്തില്‍ എസ്‌ഐ ഉള്‍പ്പെടെ മൂന്നു പൊലിസുകാര്‍ക്ക് പരുക്കേറ്റു. കൊലപാതകം ഉള്‍പ്പെടെ അറുപതോളം കേസുകളിലെ പ്രതികളാണ് പിടിയിലായവര്‍.
തിരുച്ചിറപ്പള്ളി പുത്തൂര്‍ വണ്ണാരപ്പേട്ടയിലെ ദുരൈസ്വാമി, സോമസുന്ദരം എന്നിവരാണ് പിടിയിലായത്. വിവിധ കേസുകളിലെ പ്രതികളായ ഇവരെ ഇന്നു രാവിലെ അമ്മന്‍ക്ഷേത്ര പരിസരത്തു വച്ചാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും വാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളും പിടിച്ചെടുത്തു. നേരത്തെയുണ്ടായ മോഷണകേസുമായി ബന്ധപ്പെട്ട്, ഇവരെ തെളിവെടുപ്പിനായി കൊണ്ടുപോകും വഴിയാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. പൊലിസ് വാഹനത്തിനുള്ളില്‍ വച്ച് ആക്രമം തുടങ്ങിയതോടെ, വാഹനം നിയന്ത്രണം വിട്ട് സമീപത്തെ ഗേറ്റില്‍ ഇടിച്ചു നിന്നു.
ഇവരില്‍ നിന്നും പിടിച്ചെടുത്ത വാള്‍, ജീപ്പില്‍ നിന്നും കൈക്കലാക്കി പൊലിസുകാരെ വെട്ടുകയായിരുന്നു. ആക്രമണം രൂക്ഷമായതോടെ, തിരുച്ചിറപ്പള്ളി സിറ്റി പൊലിസെത്തി, ഇരുവരെയും വെടിവെച്ച് പിടികൂടുകയായിരുന്നു. പ്രതികളെയും വെട്ടേറ്റ പൊലിസുകാരെയും തിരുച്ചിറപ്പള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമം കൂടി ചുമത്തുമെന്ന് തിരുച്ചിറപ്പള്ളി എസ് പി അറിയിച്ചു.