India National

വിവാഹത്തിനായി മാത്രമുള്ള മതംമാറ്റം സ്വീകാര്യമല്ലെന്ന് കോടതി

വിവാഹത്തിനായി മാത്രമുള്ള മതംമാറ്റം സ്വീകാര്യമല്ലെന്ന് കോടതി. അലഹബാദ് ഹൈക്കോടതിയുടേതാണ് ഈ നിരീക്ഷണം. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നവദമ്പതികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഹിന്ദു യുവാവിനെ വിവാഹം ചെയ്യാന്‍ മുസ്​ലിം യുവതി മതംമാറി. ഈ മതംമാറ്റം വിവാഹത്തിന് വേണ്ടി മാത്രമാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഈ വര്‍ഷം ജൂണ്‍ 29നായിരുന്നു മതംമാറ്റം. ജൂലൈ 31ന് ഇരുവരും തമ്മിലുള്ള വിവാഹം ഹിന്ദു ആചാര പ്രകാരം നടന്നു. ഇത് വ്യക്തമാക്കുന്നത് മതംമാറ്റം വിവാഹത്തിന് വേണ്ടി മാത്രമായിരുന്നുവെന്നാണെന്ന് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി നിരീക്ഷിച്ചു.

മതത്തെ കുറിച്ച് അടിസ്ഥാനപരമായ അറിവോ വിശ്വാസമോ ഇല്ലാതെ വിവാഹത്തിനായി മാത്രം മതംമാറുന്നത് സാധുവല്ലെന്ന് 2014ലും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഹിന്ദു യുവതി വിവാഹം കഴിക്കുന്നതിനായി മുസ്​ലിമായി മാറി സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോഴായിരുന്നു ഈ വിധി.