കശ്മീരിന് പ്രത്യേകാധികാരം നല്‍കിയ ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തു കളഞ്ഞതിനു ശേഷമുള്ള മോദി സര്‍ക്കാറിന്റെ ആദ്യ ഭരണഘടനാ ദിനാചരണം ഇന്ന്. അധികാരമേല്‍ക്കുമ്പോള്‍ ഭരണഘടനയെ നമസ്‌കരിച്ച് ഇത്തവണ പാര്‍ലമെന്റിലെത്തിയ മോദി ഏറ്റവുമധികം പഴികേട്ടത് ഭരണഘടനാ തത്വങ്ങള്‍ ലംഘിച്ചതിനെ ചൊല്ലിയാണ്.
സ്വതന്ത്ര ഇന്ത്യയുടെ രൂപീകരണത്തിനു ശേഷം ഭരണഘടനാ തത്വങ്ങള്‍ക്കു നേരെ നടന്ന ഏറ്റവും കടുത്ത കയ്യേറ്റമായിരുന്നു കശ്മീര്‍ വിഷയത്തില്‍ ഉണ്ടായത്. ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാനും അവിടത്തെ ജനപ്രതിനിധികളെയടക്കം ജയിലില്‍ അടക്കാനും പാര്‍ലമെന്റില്‍ തെറ്റായ വിവരങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതെന്ന് ആരോപണം നിലനില്‍ക്കുകയാണ്. ഭൂരിപക്ഷമില്ലാത്ത സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ ഭരണഘടനാ തത്വങ്ങള്‍ക്കതീതമായാണ് മോദി സര്‍ക്കാര്‍ കഴിഞ്ഞ ആറു വര്‍ഷക്കാലവും സഹായിച്ചത്.
വിവരാവകാശ കമീഷണര്‍മാരുടെ ഭരണഘടനാപരമായ അധികാരം എടുത്തു കളഞ്ഞത്, പൗരത്വ ബില്ലില്‍ കൊണ്ടുവരുന്ന പുതിയ മുസ്‌ലിം വിരുദ്ധ ഭേദഗതി, പൗരത്വ പട്ടിക രൂപീകരണത്തില്‍ വിവേചനം കാണിച്ചുവെന്ന അസമിലെ ആരോപണം, മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് ബി.ജെ.പി ഗവണ്‍മെന്റിനെ വാഴിക്കാന്‍ പ്രധാനമന്ത്രി സവിശേഷാധികാരം ഉപയോഗിച്ചത്, പൗരന്‍മാരുടെ ജീവനും സ്വത്തും സംരക്ഷിക്കുമെന്ന പ്രതിജ്ഞ ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ കാര്യത്തില്‍ കാറ്റില്‍ പറത്തിയത്, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തി കൊളീജയത്തിനു പകരം രാഷ്ട്രീയ നിയമനങ്ങള്‍ക്കായി നിലകൊണ്ടത്, പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി നിരവധി സുപ്രധാന വിഷയങ്ങളില്‍ ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവന്നതും ധനബില്ലിലൂടെ നിയമനിര്‍മ്മാണം നടത്തിയതും എന്നു തുടങ്ങി നിരവധി ഉദാഹരണങ്ങളാണ് ഈ സര്‍ക്കാറും ഭരണഘടനയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ തെളിവുകളായി കഴിഞ്ഞ അഞ്ചു വര്‍ഷം പുറത്തു വന്നത്.
1949 നവംബര്‍ 26നാണ് ഇന്ത്യന്‍ ഭരണഘടനക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കുന്നത്. 1950 ജനുവരി 30 മുതല്‍ ഭരണഘടന നടപ്പില്‍ വരികയും ചെയ്തു. ഡോ. ബി.ആര്‍ അംബേദ്ക്കറുടെ നേതൃത്വത്തില്‍ ഭരണഘടനക്ക് രൂപം നല്‍കിയ രാഷ്ട്ര നേതാക്കളോടുള്ള ആദരസൂചകമായാണ് പിന്നിടിങ്ങോട്ട് എല്ലാ വര്‍ഷവും നവംബര്‍ 26 ഭരണഘടനാ ദിവസമായി ഇന്ത്യയില്‍ ആചരിക്കാന്‍ തുടങ്ങിയത്. ഇക്കൊല്ലത്തെ ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.