India

ഇന്ധനവില; ജനരോഷം തണുപ്പിക്കാൻ കേന്ദ്രം ചർച്ച തുടങ്ങിയതായി റിപ്പോർട്ട്

രാജ്യത്തെ ഇന്ധനവില കുറയ്ക്കാനായി കേന്ദ്രം ധനകാര്യ മന്ത്രാലയവുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ട്. ഇന്ധന വില റെക്കോർഡ് ഉയരത്തിൽ തുടരുന്നു സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ട്.

കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് നികുതി കുറയ്ക്കുന്നതിലെ ചർച്ചയാണ് നടക്കുന്നത്. എണ്ണവില കുറയ്ക്കുന്നത് സംബന്ധിച്ച് സൗദി അറേബ്യ റഷ്യ തുടങ്ങിയ എണ്ണയുൽപാദക രാജ്യങ്ങളുമായി കേന്ദ്രം ചർച്ച നടത്തുന്നുണ്ട്. എന്നാൽ പെട്രോളിയം ഉൽപന്നങ്ങളെ ചരക്ക് സേവന നികുതി (ജിഎസ്ടി) പരിധിയിൽ കൊണ്ടുവരുന്നതിൽ അഭിപ്രായ സമന്വയമില്ലെന്ന് റിപ്പോർട്ടുകൾ പരാമർശിക്കുന്നു.

ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് ഇപ്പോൾ 105.84 രൂപയും ഡീസലിന് ലിറ്ററിന് 94.57 രൂപയുമാണ്. ജെറ്റ് ഇന്ധനം എയർലൈനുകൾക്ക് വിൽക്കുന്ന വിലയേക്കാൾ നിലവിൽ 33 ശതമാനം അധികമാണ് പെട്രോളിന്. അടുത്ത വർഷം യു.പി അടക്കമുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജനരോഷം തണുപ്പിക്കാൻ കേന്ദ്രം പുതിയ നീക്കം തുടങ്ങിയതെന്നാണ് സൂചന.