India

ദിശ രവി ഇന്ത്യക്കെതിരായ സാമ്പത്തിക യുദ്ധത്തിന് ശ്രമിച്ചുവെന്ന് എഫ്.ഐ.ആര്‍

ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ സാമൂഹ്യപ്രവർത്തക ദിശ രവിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്ത്യക്കെതിരായ സാമ്പത്തിക യുദ്ധത്തിന് ശ്രമിച്ചു എന്നാണ് ദിഷക്ക് എതിരായ എഫ്ഐആര്‍ പറയുന്നത്. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ തേടി പൊലീസ് ഗൂഗിള്‍, സൂം, ട്വിറ്റർ എന്നിവക്ക് ചോദ്യാവലി അടങ്ങിയ കത്തയച്ചു.

ടൂള്‍ കിറ്റ് കേസില്‍ ഇതുവരെയുണ്ടായ നിയമപടികളെല്ലാം ഡല്‍ഹി പൊലീസിന് എതിരാണ്. അതിനാല്‍ ദിശ രവിക്ക് പട്യാല ഹൌസ് കോടതിയില്‍ നിന്ന് അനുകൂല നടപടി ഉണ്ടാകുമെന്നാണ് അഭിഭാഷകരുടെ പ്രതീക്ഷ. തുടർ നടപടികള്‍ സംബന്ധിച്ച് ദിശ അഭിഭാഷകരുമായി കൂടിയാലോചന നടത്തി. അറസ്റ്റ് നിയമവിരുദ്ധമാണ്, പ്രാദേശിക കോടതിയില്‍ ഹാജരാക്കിയില്ല, എഫ്ഐആർ അടക്കമുള്ളവയുടെ പകർപ്പ് കോടതി ഇടപെടലിലൂടെയാണ് ലഭിച്ചത് തുടങ്ങിയ വാദങ്ങള്‍ ജാമ്യം ആവശ്യപ്പെട്ട് അഭിഭാഷകർ നിരത്തും.

നടന്നത് ഇന്ത്യക്ക് എതിരായ സാമൂഹിക – സാമ്പത്തിക – സാംസ്കാരിക – പ്രാദേശിക യുദ്ധശ്രമമെന്നും ടൂള്‍ കിറ്റ് അഖണ്ഡതക്കും പരാമധികാരത്തിനും എതിരാണെന്നുമാണ് ദിശക്കെതിരായ എഫ്ഐആരില്‍ പറയുന്നത്. ഇതിന് അന്താരാഷ്ട്ര സംഘടനകളുടെ സഹായം തേടി എന്നും എഫ്ഐആറില്‍ പറയുന്നു.

കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ക്കായി പൊലീസ് ഗൂഗിള്‍, സൂം, ട്വിറ്റർ എന്നിവക്ക് ചോദ്യാവലി അടങ്ങിയ കത്തയച്ചു. ടൂള്‍ കിറ്റിന് നേതൃത്വം നല്‍കുകയും ദിശ രവിയെ നീക്കങ്ങളിലേക്ക് വലിച്ചിഴക്കുകയും ചെയ് തു എന്ന് പൊലീസ് ആരോപിക്കുന്ന അഭിഭാഷക നികിത ജേക്കബിനും എഞ്ചിനീയർ ശാന്തനുവിനും ഇന്നലെ ബോംബെ കോടതി അറസ്റ്റില്‍ നിന്നും ഇടക്കാല സംരക്ഷണം നല്‍കിയിരുന്നു.