കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പണിയെടുക്കാത്തതിരുന്നതാണ് ലോക്‌സഭ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്ന് പ്രിയങ്ക ഗാന്ധി.റായ്ബറേലിയിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ സംഘടിപിച്ച പരിപാടിയിലായിരുന്നു പ്രിയങ്ക ഗാന്ധിയുടെ സ്വയം വിമര്‍ശനം.
അതേസമയം ബി.ജെ.പി ക്കെതിരെ രൂക്ഷവിമർശനം നടത്തി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയും രംഗത്തെത്തി. രണ്ടാം തവണ അധികാരത്തിലേറാൻ അന്തസ്സിന്റെ എല്ലാ അതിർത്തികളും ബി.ജെ.പി ലംഘിച്ചെന്ന് അവര്‍ ആരോപിച്ചു.റായ്ബറേലിയിലെ വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
അതിരൂക്ഷ ഭാഷയിലായിരുന്നു സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റായ്ബറേലിയിലെ പൊതുപരിപാടിൽ സംസാരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ ആകർഷിക്കാൻ എല്ലാ തന്ത്രങ്ങളും ബി .ജെ.പി പ്രയോഗിച്ചു. അവ നീതിപൂർവമാണോ അനീതിയിലൂടെ ആണോ എന്ന് എല്ലാവർക്കും അറിയാം. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ ഉയർന്നിട്ടുണ്ട്. അധികാരത്തിലേറാൻ അന്തസിന്റെ എല്ലാ അതിർത്തികളും ബി.ജെ.പി ലംഘിച്ചെന്നും സോണിയ ഗാന്ധി വിമർശിച്ചു.
എന്നാൽ പാർട്ടി പ്രവർത്തകരുടെ നിസംഗതക്കെതിരെയായിരുന്നു പ്രിയങ്ക ഗാന്ധി പൊട്ടിത്തെറിച്ചത്.റായ്ബറേലിയിലെ വിജയം സോണിയ ഗാന്ധിയുടെ വിജയമാണ്. വോട്ടര്‍മാരുടെ പിന്തുണയാണ് സഹായിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കില്ല. തോല്‍വിക്ക് കാരണം പ്രവര്‍ത്തകര്‍ പണിയെടുക്കാത്തതാണ്. പാര്‍ട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തവര്‍ ആരൊക്കെയെന്നറിയാം. പ്രവര്‍ത്തിക്കാന്‍ തയ്യാറല്ലാത്തവര്‍ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും പ്രിയങ്ക നല്‍കി.
നാലാം തവണയാണ് റായ്ബറേലിയില്‍ നിന്ന് സോണിയ ഗാന്ധി ലോക്‌സഭയിലെത്തുന്നത്. യു.പിയില്‍ ഒരു സീറ്റാണ്ണ് ഇത്തവണ കോണ്‍ഗ്രസിന് നേടാനായത്.