ഭരണഘടന സംരക്ഷണത്തിന് ഒന്നിച്ചുള്ള പോരാട്ടം അനിവാര്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. അല്ലാത്തപക്ഷം സംവരണം അടക്കമുള്ളവ പേപ്പറില്‍ മാത്രമാകും. മോദി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരായി ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ സംസാരിക്കുകയായിരുന്നു ഉദിത് രാജ്. ഓള് ഇന്ത്യ കോണ്‍ഫിഡറേഷന്‍ ഓഫ് (എസ്.സി എസ്.ടി) ഓര്‍ഗനൈസേഷനായിരുന്നു രാംലീല മൈതാനത്ത് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. ഭരണഘടനയെ ദുര്‍ബലപ്പെടുത്തല്‍, തൊഴിലില്ലായ്മ, സ്വകാര്യവല്‍ക്കരണം, ജെ.എന്‍.യുവിലെ ഫീസ് വര്‍ധന, ഇ.വി.എം അട്ടിമറി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
ആവശ്യങ്ങള്‍ ഉന്നയിച്ച് ഭരണഘടന സംരക്ഷണത്തിനായി ഡിസംബര്‍ 14ന് ഈ ജനങ്ങള്‍ വീണ്ടും തെരുവിലിറങ്ങും. സംവരണവിരുദ്ധരായ മോദി സര്‍ക്കാര്‍ നടത്തുന്ന ജനദ്രോഹ നടപടികളെ ചെറുത്തുതോല്‍പ്പിക്കുമെന്ന് പ്രതിഷേധക്കാര്‍ പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഡിസംബര്‍ 14ന് രാംലീല മൈതാനത്ത് നടത്താനിരിക്കുന്ന ഭാരത് ബച്ചാവോ പ്രതിരോധ പരിപാടിക്ക് മുന്നോടിയായിട്ടായിരുന്നു മഹാ റാലി സംഘിപ്പിച്ചത്.