പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്ഥാപക ദിനത്തിൽ വൻ പ്രതിഷേധവുമായി കോൺഗ്രസ്. എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന പരിപാടിക്ക് അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നൽകും.അസമിലെ ഗുവാഹത്തിയിൽ രാഹുൽ ഗാന്ധിയും ഉത്തർപ്രദേശിലെ ലഖ്നൗവിൽ പ്രിയങ്ക ഗാന്ധിയും പ്രതിഷേധറാലിയെ അഭിസംബോധന ചെയ്യും.
ഭരണഘടനയും രാജ്യത്തെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം. 9.30ന് കോൺഗ്രസ് ആസ്ഥാനത്ത് സോണിയ ഗാന്ധി പതാക ഉയർത്തിയ ശേഷം ആയിരിക്കും ഡൽഹിയിലെ പ്രതിഷേധ പരിപാടികൾ ആരംഭിക്കുക. നേതാക്കൾ ഭരണഘടനയുടെ ആമുഖം വായിക്കും. എല്ലാ പി.സി.സികളും അധ്യക്ഷൻമാരുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി നടത്തും. അസമിലെ ഗുവാഹത്തിയിൽ നടക്കുന്ന പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. പ്രതിഷേധ റാലിയെ ഒരു മണിക്ക് രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും.
ലഖ്നൌവിലെ പരിപാടിയിലാണ് പ്രിയങ്ക ഗാന്ധി പങ്കെടുക്കുക. മഹാരാഷ്ട്ര പി.സി.സിയുടെ നേതൃത്വത്തിൽ ക്രാന്തി മൈതാനത്ത് മഹാറാലി സംഘടിപ്പിച്ചിട്ടുണ്ട്. ഡൽഹിയിൽ ജാമിയ സർവകലാശാക്ക് മുമ്പിലും ഇന്ത്യ ഗേറ്റിലും ജന്തർമന്ദറിലും ഷഹീൻ ബാഗിലും പതിവ് പ്രതിഷേധം തുടരുകയാണ്.
ഷഹീൻ ബാഗിൽ വനിതകളുടെ നേത്യത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി ഇടത് നേതാക്കളും വിദ്യാർത്ഥികളും 2 മണിക്ക് സമരവേദിയിലെത്തും.