India National

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ കോൺഗ്രസിന്റെ സത്യഗ്രഹ ധർണ ഇന്ന്

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ന് രാജ്ഘട്ടിൽ കോൺഗ്രസിൻറ സത്യഗ്രഹ ധർണ. നടക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ധര്‍ണക്ക് നേതൃത്വം നൽകും. ഉച്ചക്കാണ് ധര്‍ണ ആരംഭിക്കുക.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യ തലസ്ഥാനത്ത് ഇന്നും പ്രതിഷേധം തുടരും. പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസാണ് പ്രതിഷേധവുമായി എത്തുന്നത്. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നേതൃത്വം നൽകുന്ന സത്യഗ്രഹ ധർണ ഇന്നുച്ചക്ക് രാജ്ഘട്ടിൽ ആരംഭിക്കും. വൈകീട്ട് വരെ ധർണ തുടരും. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പ്രതിഷേധത്തിൻറ ഭാഗമായേക്കും. ഭരണഘടന സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് സത്യഗ്രഹ ധർണ. അതേസമയം യുപി പൊലീസ് നടത്തുന്ന അതിക്രമത്തിനെതിരെ ഇന്ന് യുപി ഭവന് മുന്നിലും പ്രതിഷേധമുണ്ട്. ഇതിനകം 200 പേരെയെങ്കിലും യുപി പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. മുസ്ലിം വീടുകളെ ഉന്നംവെച്ച് പൊലീസ് അക്രമം അഴിച്ചുവിടുന്നുവെന്ന പരാതി വ്യാപകമാണ്. അതേസമയം ജമിഅ ടീച്ചേഴ്സ് അസോസിയേഷനും, കോഡിനേഷൻ കമ്മിറ്റിയും, യുണൈറ്റഡ് എഗെയ്ൻസ്റ്റ് ഹേറ്റും വീണ്ടും പാർലമെന്റിലേക്ക് മാർച്ച് നടത്തും.