India

കോൺഗ്രസിന്‍റെ യുട്യൂബ് ചാനൽ ഐ.എന്‍.സി ടി.വി ഉദ്ഘാടനം ഇന്ന്

കോൺഗ്രസിന്‍റെ യുട്യൂബ് ചാനൽ ഐ.എന്‍.സി ടി.വി ഇന്ന് ഉദ്ഘാടനം ചെയ്യും. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജെവാലയും ചേർന്ന് 11.30നാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക. സുസ്മിത ദേവ്, ശ്രീനിവാസ് ബി.വി എന്നിവരും പങ്കെടുക്കും.

പാർട്ടി വാർത്തകൾ പ്രചരിപ്പിക്കുന്നതിലുപരി ദുഷ്പ്രചാരങ്ങൾക്കെതിരായ പോരാട്ടത്തിനുള്ള പ്ലാറ്റ്ഫോമായാണ് ചാനൽ ആരംഭിക്കുന്നത്. വിവിധ വിഷയങ്ങളിലെ പാർട്ടി നിലപാട് ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുകയാണ് ലക്ഷ്യം.

ഭീംറാവു അംബേദ്കറിന്‍റെ ജന്മവാർഷികം ആഘോഷിക്കുന്ന ഇന്ന് മഹാത്മാ ഗാന്ധിയെയും അംബേദ്കറിനെയും കുറിച്ചുള്ള ഡോക്യുമെന്‍ററികൾ സംപ്രേക്ഷണം ചെയ്തുകൊണ്ടാണ് ചാനല്‍ ലോഞ്ച് ചെയ്യുന്നത്. നിലവില്‍ എ.ജെ.എല്ലിനു കീഴില്‍ കോൺഗ്രസിന് നാഷണല്‍ ഹെറാൾഡും നവജീവനും മാധ്യമങ്ങളായുണ്ട്.