India National

എം.എല്‍.എമാരെ പിടിച്ചെടുക്കുന്ന ബി.ജെ.പി നീക്കത്തില്‍ ആശങ്കയോടെ മധ്യപ്രദേശ് സര്‍ക്കാര്‍

എം.എല്‍.എമാരെ പിടിച്ചെടുക്കുന്ന ബി.ജെ.പി നീക്കത്തില്‍ ആശങ്കയോടെ മധ്യപ്രദേശ് സര്‍ക്കാര്‍. വിമത എം.എല്‍.എമാരുടെ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമം മുഖ്യമന്ത്രി കമല്‍നാഥിന്റെ ഓഫീസ് ആരംഭിച്ചു. തെലങ്കാന, കര്‍ണാടക, ഗോവ എന്നിവിടങ്ങളിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധി നാടകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നീക്കം.

ലോക്സഭ തെരഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ ഫലം വന്നതോടെ ബി.ജെ.പി ഒരുങ്ങിയതാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ക്കാന്‍. നീക്കം പാളിയെങ്കിലും ആവര്‍ത്തിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കമല്‍നാഥിന്റെ നീക്കം. വിമത എം.എല്‍.എമാരുടെ സാന്നിധ്യം ഉറപ്പിക്കാന്‍ കമല്‍ നാഥിന്റെ ഓഫീസ് ബന്ധപ്പെടുന്നുണ്ട്. 230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ 114 എം.എല്‍.എമാരാണ് കോണ്‍ഗ്രസിന്. ഭൂരിപക്ഷത്തിന് രണ്ട് സീറ്റ് കുറവ്. പകരം ബി.എസ്.പിയുടെ രണ്ടും എസ്.പിയുടെ ഒന്നും നാല് സ്വതന്ത്രരുടെയും പിന്തുണയുണ്ട്.

ബി.എസ്.പി ലോക്സഭ സ്ഥാനാര്‍ത്ഥിയായിരുന്ന ലോകേന്ദ്ര സിങ് രജപുത് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ മായാവതി പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് നേരത്തെ ബി.ജെ.പിയുടെ നീക്കത്തിന് ഈര്‍ജമായത്. കോണ്‍ഗ്രസിലെ ഉള്‍പ്പോരിലാണ് ബി.ജെ.പി പ്രതീക്ഷ. കോണ്‍ഗ്രസ് അധ്യക്ഷ പദത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി ഒഴിഞ്ഞതോടെ സംസ്ഥാന പിസിസിയില്‍ കമല്‍നാഥിനും ജോതിരാദിത്യ സിന്ധ്യക്കുമൊപ്പമായി രണ്ട് തട്ടിലാണ് നേതാക്കള്‍. പുതിയ അധ്യക്ഷനെ കണ്ടെത്താത്തതിനാല്‍ പ്രതിസന്ധി രൂക്ഷമാണ്. ഇടക്കാല അധ്യക്ഷനെ പോലും കണ്ടെത്താനാകുന്നില്ലെന്ന് അറിയിച്ച് മുതിര്‍ന്ന നേതാക്കള്‍ സോണിയ ഗാന്ധിയെ സമീപിച്ചിരുന്നു. സോണിയാ ഗാന്ധിയോട് താല്‍കാലിക ചുമതല ഏറ്റെടുക്കണമെന്ന നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചു.