India National

ഡല്‍ഹിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും

ഡല്‍ഹിയിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കും. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിതും മുതിര്‍ന്ന നേതാവ് കപില്‍ സിബലും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസ് തനിച്ച് മല്‍സരിക്കുന്നത്. അതിനിടെ ആം ആദ്മി സ്ഥാനാര്‍ഥികള്‍ പത്രികാ സമര്‍പ്പണം തുടങ്ങി.

സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവിലും ഡല്‍ഹിയില്‍ എ.എ.പി – കോണ്‍ഗ്രസ് സഖ്യം സാധ്യമാകാതിരുന്നതോടെ നേരത്തെ തയ്യാറാക്കിയ സ്ഥാനാര്‍ഥി പട്ടികയുമായി മുന്നോട്ട് പോവുകയാണ് കോണ്‍ഗ്രസ്. ന്യൂഡല്‍ഹിയിൽ അജയ് മാക്കനും ചാന്ദിനി ചൗക്കിൽ കപില്‍ സിബലും മത്സരിക്കും. ഈസ്റ്റ് ഡല്‍ഹിയിൽ ഡി.പി.സി.സി അധ്യക്ഷ ഷീല ദീക്ഷിത് മത്സരിക്കണമെന്നാണ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ജെ പി അഗര്‍വാളും, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ രാജ്കുമാര്‍ ചൗഹാനുമാണ് പരിഗണനയിൽ. സൌത്ത് ഡല്‍ഹിയില്‍ രമേശ് കുമാറും, വെസ്റ്റ് ഡല്‍ഹിയില്‍ മഹാബല്‍ മിശ്രയുമാണ് സാധ്യത പട്ടികയിലുള്ളത്.

ഇടത് പാര്‍ട്ടികള്‍ അടക്കമുള്ളവയുടെ പിന്തുണയോടെ മുന്നോട്ട് പോകാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. അത്തരത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. നേരത്തെ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി പ്രചാരണം ആരംഭിച്ചതാണ് എ.എ.പി. പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ബല്‍ബീര്‍ സിങ് ജാഖര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

ഡല്‍ഹിയില്‍ മാത്രം സഖ്യം എന്ന നിലപാടില്‍ കോണ്‍ഗ്രസും സമീപ സംസ്ഥാനങ്ങളിലും സീറ്റെന്ന നിലപാടില്‍ എ.എ.പിയും ഉറച്ച് നിന്നതോടെയാണ് സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടത്. പ്രതിപക്ഷ പാര്‍ട്ടികള്‍ പരസ്പരം ഏറ്റുമുട്ടുന്നത് ഗുണകരമാകുമെന്നാണ് ബി.ജെ.പി വിലയിരുത്തല്‍. 7 മണ്ഡലവും പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസവും ബി.ജെ.പിക്ക് വര്‍ധിക്കുകയാണ്.