India National

അധ്യക്ഷ തെരഞ്ഞെടുപ്പിൽ വ്യക്തതയില്ലാതെ കോൺഗ്രസ്

അധ്യക്ഷ തെരഞ്ഞെടുപ്പിൽ വ്യക്തതയില്ലാതെ കോൺഗ്രസ്. പ്രവർത്തകസമിതി യോഗം ചേരുന്ന കാര്യത്തിൽ ഇനിയും അന്തിമ തീരുമാനമായില്ല. പാർലമെന്റ് സമ്മേളനം അവസാനിച്ചതിനു തൊട്ടുപിന്നാലെ വ്യാഴാഴ്ച യോഗം ചേരണം എന്നാണ് ഭൂരിപക്ഷാഭിപ്രായം. സോണിയാ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും ചർച്ച ചെയ്തശേഷമാകും അന്തിമ തീരുമാനം എടുക്കുക.

പ്രതിമാസം പ്രവർത്തക സമിതി ചേർന്ന് പാർട്ടിയെ ശക്തിപ്പെടുന്നതിനുള്ള നടപടികൾ കൈകൊള്ളുമെന്നായിരുന്നു ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള എ.ഐ.സി.സി തീരുമാനം. എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ പോലും പ്രവർത്തക സമിതി ചേരുന്നില്ലെന്നതാണ് നിലവിലെ അവസ്ഥ. അധ്യക്ഷ പദവി തെരഞ്ഞെടുപ്പ്, പ്രവർത്തകസമിതി യോഗം ചേരൽ ഇവയിലൊന്നും മുതിർന്ന നേതാക്കൾക്ക് കൃത്യമായ ഉത്തരമില്ല. തീരുമാനം ഉടൻ എന്ന് മാത്രമാണ് മറുപടി.

പാർലമെന്റ് സമ്മേളനം അവസാനിക്കുന്നതിനു പിന്നാലെ നേതാക്കൾ മടങ്ങും മുൻപായി വ്യാഴാഴ്ച യോഗം ചേരാം എന്നാണ് നേതാക്കളുടെ നിർദ്ദേശം. പാർട്ടി അനാഥമായി ഇരിക്കുന്നതിനാൽ ഉടൻ പ്രവർത്തക സമിതി ചേരണം, പ്രിയങ്ക ഗാന്ധിയെ അധ്യക്ഷയാക്കണം, പ്രവർത്തക സമിതി പുനഃസംഘടിപ്പിക്കണം എന്നിങ്ങനെയാണ് ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം. പാർട്ടി അനാഥമല്ലെന്നും പുതിയ അധ്യക്ഷൻ വരും വരെ രാഹുൽ ഗാന്ധി അധ്യക്ഷ പദത്തിലുണ്ടെന്നുമാണ് സംഘടനകാര്യ ചുമതലയുള്ള കെ.സി വേണുഗോപാൽ ആവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ മഹാരാഷ്ട്ര പി.സി.സി വർക്കിങ് പ്രസിഡന്റിനെ അധ്യക്ഷൻ നിയമിച്ചു എന്നാണ് അറിയിച്ചിട്ടുള്ളത്. അതേസമയം രാജിക്കത്ത് ട്വീറ്റ് ചെയ്ത ജൂലൈ 3 ന് ശേഷം ട്വിറ്റർ പേജിലും രേഖകളിലും പാർട്ടി അംഗം എന്ന് മാത്രമാണെന്നാണ് രാഹുൽ ചേർക്കുന്നത്.