രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിയാനുറച്ചതോടെ മുതിര്‍ന്ന നേതാക്കള്‍ പ്രതിസന്ധിയിലായി. അധ്യക്ഷ സ്ഥാനത്തേക്ക് ആരെ കണ്ടെത്തുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പലതവണ നടത്തിയിട്ടും ധാരണയിലെത്താനായിട്ടില്ല. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പങ്കാളിയാകേണ്ടതില്ലെന്നാണ് രാഹുലിന്റെ തീരുമാനം.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം ഡല്‍ഹിയില്‍ തുടരുകയാണ്. നിലവില്‍ ഡല്‍ഹിയിലുള്ള എ.കെ ആന്റണി അടക്കമുള്ള നേതാക്കള്‍ക്ക് പുറമെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും അടക്കമുള്ളവര്‍ എത്തിയിട്ടുണ്ട്. പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ തിരക്കിട്ട ആലോചനകളാണ് നടക്കുന്നത്. പക്ഷെ ഒരു ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ല. ലോക്സഭ പരാജയത്തിന് ശേഷം ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ പാര്‍ട്ടിയെ ഒരുമിപ്പിച്ച് കൊണ്ടുപോകാന്‍ കഴിയുന്ന ആരെ കൊണ്ടുവരും എന്നതിനാണ് ഉത്തരം കണ്ടെത്താനാകാത്തത്. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതില്‍ പങ്കാളിയാകുന്നത് പ്രശ്നം രൂക്ഷമാക്കുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. അശോക് ഗഹ്ലോട്ട് അധ്യക്ഷനായേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.
രാജ്യസ്ഥാന്‍ പിസിസിയില്‍ ഗഹ്ലോട്ട് – സച്ചിന്‍ പൈലറ്റ് തര്‍ക്കം രൂക്ഷമായിരിക്കെ ഗഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത് പാര്‍ട്ടിക്ക് ദോഷമാകുമെന്ന വിലയിരുത്തലുമുണ്ട്. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭ മുന്‍സ്പീക്കര്‍ മീര കുമാര്‍, മുന്‍ ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവരുടെ പേരുകളും ഉയര്‍ന്നിട്ടുണ്ട്. അധ്യക്ഷനെ കണ്ടെത്താനായില്ലെങ്കില്‍ വര്‍ക്കിങ് പ്രസിഡണ്ടുമാര്‍ എന്ന നിലയിലേക്ക് ചര്‍ച്ചകള്‍ കടക്കും. പ്രാദേശിക പ്രാതിനിധ്യം ഉറപ്പാക്കി യുവ സംഘത്തെ ഏല്‍പിക്കണം എന്ന അഭിപ്രായവും നേതാക്കളില്‍ ചിലര്‍ക്കുണ്ട്.