സിങ്കു അതിര്‍ത്തിയില്‍ നടന്ന ജന്‍ സന്‍സാദ് പരിപാടിക്കിടെ കോണ്‍ഗ്രസ് എം.പി രവ്നീത് സിങ് ബിട്ടുവിനെതിരെ ആക്രമണം. താന്‍ അക്രമിക്കപ്പെട്ടുവെന്നും തലയില്‍ കെട്ടിയിട്ടുള്ള ടര്‍ബന്‍ വലിച്ചൂരിയെന്നും അദ്ദേഹം ആരോപിച്ചു. തന്നെ കൊലപാതകം ചെയ്യുന്നതിന് തുല്യമായിരുന്നു ആക്രമണമെന്നും ചില നികൃഷ്ട മനസിനുടമകളാണ് ഇത് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലുധിയാനയില്‍ നിന്നുള്ള എം.പിയാണ് രവ്നീത് സിങ് ബിട്ടു.
അമൃത്സര്‍ എം.പി ഗുര്‍ജീത് സിങ് ഔജ്ല, കോണ്‍ഗ്രസ് എം.എല്‍.എ കുല്‍ബിര്‍ സിങ് സിറ എന്നിവര്‍ക്കൊപ്പം കാറില്‍ ഗുരുതേഗ് ബഹദൂര്‍ ജി മെമ്മോറിയലില്‍ വന്ന അദ്ദേഹത്തിന്‍റെ വാഹനവും അക്രമിക്കപ്പെട്ടു. ഉദ്ദേശ്യമെന്തെന്ന് വ്യക്തമല്ലാത്ത ചിലരാണ് തങ്ങളെ ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബിന്ത് സിങ്ങിന്‍റെ കൊച്ചുമകനാണ് രവ്നീത് സിങ് ബിട്ടു. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഗുര്‍ജിത് സിങ്ങും കുല്‍ബിര്‍ സിങ്ങും കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡല്‍ഹിയില്‍ സമരമുഖത്തുണ്ടായിരുന്നു.