നാളെ ചേരുന്ന നേതൃയോഗത്തില്‍ അജണ്ടയില്‍ ഇല്ലെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ പദവി വിഷയം ഉന്നയിക്കാനുറച്ച് നേതാക്കള്‍. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുമാണ് യോഗം ചേരുക. അധ്യക്ഷ പദത്തിലേക്ക് ഇല്ലെന്ന് അറിയിച്ചെങ്കിലും പ്രിയങ്ക ഗാന്ധി തീരുമാനം പുനപരിശോധിക്കണമെന്നാണ് ആവശ്യം.
മെയ് 23നാണ് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് അധ്യക്ഷ പദവി രാജിവെക്കുന്നതായി രാഹുല്‍ ഗാന്ധി അറിയിച്ചത്. ജൂലൈ 3ന് ഔദ്യോഗികമായി രാജി പ്രഖ്യാപിച്ച രാഹുല്‍ കത്ത് ട്വീറ്റ് ചെയ്തു. എന്നാല്‍ ഇപ്പോഴും രാജി ബോധ്യപ്പെടാത്ത സാഹചര്യമാണ് മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കും വരെ രാഹുല്‍ അധ്യക്ഷന്‍ തന്നെയെന്ന് ആവര്‍ത്തിക്കുന്നു. സംസ്ഥാനങ്ങള്‍ പലതും കൈവിട്ട് പോകുമ്പോഴും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നീക്കം സജീവമല്ല. വിഷയത്തില്‍ ഇടപെടാന്‍ ഗാന്ധി കുടുംബം തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് സമ്മര്‍ദ്ദം ശക്തമാക്കാനുറച്ച് മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗം ഇറങ്ങിയിരിക്കുന്നത്.
പ്രിയങ്ക ഗാന്ധി അധ്യക്ഷ പദം ഏറ്റെടുക്കണമെന്നാണ് ആവശ്യം. പ്രവര്‍ത്തക സമിതിയില്‍ സമ്പൂര്‍ണ പുനസംഘടന വേണം. നിയമസഭ തെരഞ്ഞെടുപ്പുകൾ അടക്കം വരാനിരിക്കുന്നതിനാൽ ബി.ജെ.പിയെ എങ്ങനെ നേരിടണം എന്നതില്‍ ആലോചന വേണം തുടങ്ങിയ യോഗത്തില്‍ ആവശ്യങ്ങൾ നാളത്തെ യോഗത്തിൽ ഉന്നയിക്കും. രാജീവ് ഗാന്ധി ജന്മദിനാഘോഷ ചടങ്ങിനുള്ള കൂടിയാലോചനയാണ് അജണ്ടയെങ്കിലും അധ്യക്ഷപദം സംബന്ധിച്ച പ്രാഥമിക ചര്‍ച്ച നടക്കും. ശേഷം പ്രവര്‍ത്തക സമിതി ചേര്‍ന്നാകും അന്തിമ തീരുമാനം എടുക്കുക.