രാജ്യത്ത് കര്‍ഷക പ്രക്ഷോഭം ആരംഭിച്ചതിനു പിന്നാലെ പഞ്ചാബില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. ഏഴ് കോര്‍പ്പറേഷനുകളിലേക്കും 107 മുന്‍സിപ്പാലിറ്റികളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ ഒടുവില്‍ ലഭിക്കുന്ന ഫലസൂചനകള്‍ നോക്കുമ്പോള്‍ കോണ്‍ഗ്രസിന്‍റെ സമഗ്രാധിപത്യമാണ് കാണുന്നത്. ഏഴ് കോര്‍പ്പറേഷനുകളില്‍ ആറിടത്തും കോണ്‍ഗ്രസ് വിജയിച്ചു. ഭട്ടിൻഡ, കപുർത്തല, ഹോഷിയാപുർ, പത്താൻകോട്ട്, ബട്ടാല, അബോഹര്‍ കോർപ്പറേഷനുകളിലാണ് കോൺഗ്രസ് ജയിച്ചത്. 107 മുന്‍സിപ്പാലിറ്റിയില്‍ 82 ഇടത്തും കോണ്‍ഗ്രസ് വിജയിച്ചു.
ഭട്ടിന്‍ഡയില്‍ അമ്പതില്‍ 43 സീറ്റും നേടി വിജയിച്ച കോണ്‍ഗ്രസ് 53 വർഷത്തെ ചരിത്രമാണ് തിരുത്തിയത്. ശിരോമണി അകാലി ദള്‍ നേതാവ് ഹർസിമത്ത് ബാദലിന്‍റെ ലോക്സഭ മണ്ഡലം അടങ്ങിയ പ്രദേശമാണിത്. വലിയ സ്വാധീനമുണ്ടായിരുന്ന പത്താന്‍ കോട്ടില്‍ ബിജെ.പി 50 ല്‍ നിന്ന് 11 സീറ്റിലേക്ക് ചുരുങ്ങി.
ഹോഷിയാർപൂരിൽ ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ തിക്ഷൺ സൂദിന്‍റെ ഭാര്യയും പരാജയപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള ജനത്തിന്‍റെ മറുപടിയാണിതെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതികരണം.
കർഷക പ്രക്ഷോഭത്തിലെ കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് എൻ.ഡി.എ വിട്ട ശിരോമണി അകാലി ദള്‍ ഇല്ലാതെയാണ് ഇത്തവണ ബി.ജെ.പി മല്‍സരിച്ചത്. ഏറിയസ്ഥലത്തും ശിരോമണി അകാലി ദളിനും ആം ആദ്മി പാർട്ടിക്കും പിന്നിലായാണ് ബി.ജെ.പി ഫിനിഷ് ചെയ്തത്.