India National

പാവപ്പെട്ടവർക്ക് വർഷത്തിൽ 72,000 രൂപ; മിനിമം വരുമാന പദ്ധതിയുമായി രാഹുൽ ഗാന്ധി

പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ പാവപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും മിനിമം വേതനം ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ കുറഞ്ഞത് 72,000 രൂപ ഉറപ്പാക്കും. പണം നേരിട്ട് അക്കൗണ്ടില്‍ എത്തിക്കും. കോൺഗ്രസ് പ്രകടനപത്രികയിലെ മുന്തിയ പദ്ധതിയാണിതെന്നാണു വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ 20% പാവപ്പെട്ടവർക്കാണ് കുറഞ്ഞ വരുമാനം ഉറപ്പുവരുത്തുന്നത്. കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ശാസ്ത്രീയ പഠനങ്ങള്‍ക്ക് ശേഷമാണ് പദ്ധതി പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു

അതേസമയം വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് അദ്ദേഹം ഒന്നും വ്യക്തമാക്കിയില്ല. പ്രകടനപത്രികയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് എത്തിയതെന്നും മറ്റു വിഷയങ്ങളെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു