ഇന്നലെയാണ് ആഗസ്റ്റ് ഒന്നിനു മുമ്പ് ലോധി എസ്റ്റേറ്റിലെ സർക്കാർ വസതി ഒഴിയാൻ പ്രിയങ്ക ഗാന്ധിക്ക് നഗര വികസന മന്ത്രാലയ നിർദേശം നൽകിയത്.
യോഗി – മോദി സർക്കാറുകൾക്കെതിരെ പോരാട്ടം ശക്തമാക്കാനുറച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഡൽഹിയിലെ വസതി സർക്കാർ ഒഴിയാൻ ആവശ്യപ്പെട്ടതിനാൽ താമസം ലഖ്നൗവിലേക്ക് മാറ്റിയേക്കും. കോവിഡ് പ്രതിസന്ധിക്കിടെയും പ്രിയങ്ക ഗാന്ധിയുടെ നിർദ്ദേശപ്രകാരം സജീവമാണ് യുപിയിൽ കോൺഗ്രസ് പ്രവർത്തനങ്ങൾ.
കോവിഡ് പ്രതിസന്ധിക്കിടെയും യോഗി – മോദി സർക്കാരുടെ ശക്തമായി വിമർശിച്ചും പ്രതിരോധത്തിലാക്കിയും സജീവമാണ് പ്രിയങ്ക ഗാന്ധി. അതിഥി തൊഴിലാളികൾക്ക് ബസുകൾ സജ്ജമാക്കിയാണ് ആദ്യം യോഗി സർക്കാരിനെ പ്രതിരോധത്തിലാക്കിയത്. അതിനു ശേഷം ചികിത്സ ലഭ്യത കുറവ്, കോവിഡ് കണക്കുകൾ മറച്ചുവെക്കൽ, മാധ്യമ പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ കേസെടുത്ത നടപടി , സാധാരക്കാരുടെ ദുരിതം എന്നിവയിലെല്ലാം സർക്കാരുകളെ രൂക്ഷമായി വിമർശിച്ചു.
ഇന്നലെ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിലെ തൊഴിലാളികളുടെ ദുരിതം ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക എത്തിയത്. പിസിസി വഴി ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാനും പ്രിയങ്ക നേതൃത്വം നൽകുന്നുണ്ട്. യുപിയിൽ പാർട്ടി സജീവമായിട്ടുണ്ടെങ്കിലും കുറെക്കൂടി ശക്തമാക്കാൻ ലഖ്നൌവിലേക്ക് താമസം മാറാനാണ് പ്രിയങ്ക തീരുമാനിച്ചിട്ടുള്ളതെന്നാണ് വിവരം. ഖോഗലെ മാർഗിൽ വീട് സജമാക്കി കഴിഞ്ഞതായി യുപി പിസിസി നേതാക്കൾ പറയുന്നു. നേരത്തെ എടുത്ത തീരുമാനം അടച്ചുപൂട്ടലിനെ തുടർന്നാണ് നീണ്ടു പോയത് എന്നാണ് റിപ്പോർട്ട്.
ഇന്നലെയാണ് ആഗസ്റ്റ് ഒന്നിനു മുമ്പ് ലോധി എസ്റ്റേറ്റിലെ സർക്കാർ വസതി ഒഴിയാൻ പ്രിയങ്ക ഗാന്ധിക്ക് നഗര വികസന മന്ത്രാലയ നിർദേശം നൽകിയത്. എസ്‍പിജി സുരക്ഷ പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നായിരുന്നു വിശദീകരണം.
എന്നാൽ നിരാശരായ സർക്കാരിന്‍റെ നീക്കങ്ങളെ ഭയപ്പെടുന്നില്ല എന്നും അന്ധമായ വിദ്വേഷവും പ്രതികാരവും തുടരുകയാണ് മോദി -യോഗി സർക്കാരുകൾ എന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പ്രതികരിച്ചു.