India

‘ലവ് ജിഹാദ്’ തെരഞ്ഞെടുപ്പ് കാലത്തെ ബിജെപിയുടെ പ്രഹസനം മാത്രം: നഗ്മ

തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി സൃഷ്​ടിക്കുന്ന പ്രഹസനമാണ് ലവ്​ ജിഹാദ്​ എന്ന്​ മഹിളാ കോൺഗ്രസ്​ ദേശീയ ജനറൽ സെക്രട്ടറിയും നടിയുമായ നഗ്​മ. ദേശീയ വനിതാ കമ്മീഷന്‍ ഇക്കാര്യത്തില്‍ തെറ്റായ മുന്നറിയിപ്പാണ് നല്‍കുന്നതെന്നും നഗ്മ വിമര്‍ശിച്ചു.

ലവ് ജിഹാദ് വിഷയം തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി സൃഷ്ടിക്കുന്ന പ്രഹസനം മാത്രമാണ്. അവകാശവാദം ശരിവെയ്ക്കുന്ന ഒരു ഡാറ്റയും പറയുന്നില്ല. ഇക്കാര്യത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ നല്‍കുന്നത് വ്യാജ മുന്നറിയിപ്പാണ്. ഇത്തരം വ്യാജ മുന്നറിയിപ്പുകള്‍ അന്തരീക്ഷത്തെ ദുഷിപ്പിക്കാനും മതേതര വിവാഹങ്ങളെ ദുര്‍ബലപ്പെടുത്താനുമേ ഉപകരിക്കൂ.

ലവ് ജിഹാദ് ആരോപണങ്ങളിലെ പൊള്ളത്തരം തുറന്നുകാട്ടുന്ന ലേഖനം പങ്കുവെച്ചാണ് നഗ്മയുടെ വിമര്‍ശനം. ലവ് ജിഹാദിനെ ടൈം ബോബിനോടാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ നേരത്തെ താരതമ്യപ്പെടുത്തിയത്. കേരള സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ ആ ബോംബ് പൊട്ടും. ഹിന്ദു, ക്രിസ്ത്യന്‍ സ്ത്രീകളാണ് ലവ് ജിഹാദിന്‍റെ ഇരകളെന്നും രേഖ ശര്‍മ കഴിഞ്ഞ വര്‍ഷം പറയുകയുണ്ടായി. അന്വേഷണ ഏജന്‍സികളും കോടതികളുമെല്ലാം ലവ് ജിഹാദ് ആരോപണങ്ങള്‍ തള്ളിക്കളഞ്ഞെങ്കിലും ലവ് ജിഹാദ് തടയാനെന്ന പേരില്‍ ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിയമം കൊണ്ടുവന്നു.

കേരളത്തില്‍ അടുത്ത കാലത്ത് ജോസ് കെ മാണിയുടെ പരാമര്‍ശത്തോടെ ലവ് ജിഹാദ് ചര്‍ച്ച വീണ്ടും സജീവമായി. ലവ് ജിഹാദുമായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കപ്പെടണമെന്നാണ് ജോസ് കെ മാണി പറഞ്ഞത്. ഇതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ജോസ് കെ മാണി പറഞ്ഞത് എല്‍ഡിഎഫിന്‍റെ അഭിപ്രായല്ലെന്നായിരുന്നു സിപിഐ നേതാവ് കാനം രാജേന്ദ്രന്‍റെ പ്രതികരണം. എൽഡിഎഫ് പറയാത്ത വിഷയം ആരും ഉയർത്തേണ്ട. മതമൗലികവാദികളുടെ അഭിപ്രായമാണ് ലവ് ജിഹാദ് എന്ന് എല്ലാവർക്കും അറിയാം. പ്രായപൂർത്തിയായവരുടെ അവകാശത്തെ ആരും ചോദ്യം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടില്ല, ജോസ് കെ മാണി തന്നെ വിശദീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ലവ്​ ജിഹാദ്​ വിഷയത്തിൽ തന്‍റെ ​പ്രസ്​താവന വിവാദമായതോടെ, ഇടത് സർക്കാറിന്‍റെ വികസന പ്രവർത്തനങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ്​ ഇത്തരം ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്നതെന്ന പ്രതികരണവുമായി ജോസ് കെ മാണി​ രംഗത്തെത്തി. ലവ് ജിഹാദ് വിഷയത്തില്‍ എല്‍ഡിഎഫിന്‍റെ അഭിപ്രായം തന്നെയാണ് കേരള കോണ്‍ഗ്രസിനെന്നും അദ്ദേഹം പറഞ്ഞു.