India National

ഗംഗാസ്‌നാനം ചെയ്ത്, പോരിന് കാഹളം മുഴക്കി പ്രിയങ്ക; കരുതലോടെ യോഗി

അലഹബാദ്: മൗനി അമാവാസി ദിനത്തിൽ ഗംഗാ സ്‌നാനം ചെയ്ത്, കിസാൻ മഹാപഞ്ചായത്തിൽ കലപ്പയുമേന്തി യുപിയിൽ പ്രിയങ്കയുടെ പടപ്പുറപ്പാട്. മോദി സർക്കാറിനെതിരെ തിളയ്ക്കുന്ന കർഷക രോഷം നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് പ്രിയങ്കയുടെ വരവോടെ കോൺഗ്രസ് തുടക്കം കുറിച്ചു. സഹാറൻപൂരിലായിരുന്നു ആദ്യ കിസാൻ പഞ്ചായത്ത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സംഘടിപ്പിക്കപ്പെടുന്ന പ്രതിഷേധ പരിപാടികൾക്കാണ് സഹാറൻപൂരിൽ തുടക്കമായത്. പതിനായിരങ്ങളാണ് സഹാറൻപൂരിൽ പ്രിയങ്കയെ കേൾക്കാനെത്തിയത്.

ജയ് ജവാൻ ജയ് കിസാൻ

ഇന്ത്യൻ ഗ്രാമങ്ങളിൽ കേട്ടുപരിചയിച്ച ഈ മുദ്രാവാക്യമാണ് കോൺഗ്രസ് പ്രചാരണത്തിനായി കടം കൊണ്ടിട്ടുള്ളത്. പരിപാടിയുടെ ഉദ്ഘാടനത്തിനായി സഹാറൻപൂർ തെരഞ്ഞെടുക്കാനും കോൺഗ്രസിന് കാരണങ്ങളേറെ. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും റാലി നടത്തിയ സ്ഥലമാണിത്. ഇതിനു പുറമേ, ജില്ലയിൽ കോൺഗ്രസിന് ചെറുതല്ലാത്ത സ്വാധീനവുമുണ്ട്. രണ്ട് എംഎൽഎമാരാണ് ഇവിടെ നിന്ന് പാർട്ടി ടിക്കറ്റിൽ ജയിച്ചു കയറിയത്.

ഗംഗാസ്‌നാനം ചെയ്ത്, പോരിന് കാഹളം മുഴക്കി പ്രിയങ്ക; കരുതലോടെ യോഗി

ഫെബ്രുവരി 13ന് മീററ്റിലും 16ന് ബിജിനോറിനും 19ന് മഥുരയിലുമാണ് അടുത്ത മഹാപഞ്ചായത്തുകൾ. മീററ്റിൽ പ്രിയങ്കയ്‌ക്കൊപ്പം രാഹുലും റാലിയെ അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോർട്ട്.

കർഷകരുടെ സഹായത്തോടെ പാർട്ടിയെ സംസ്ഥാനത്ത് പുനരുജ്ജീവിപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. അത് ശ്രമകരമാണ് എങ്കിലും കാർഷിക നിയമങ്ങൾക്കെതിരെ തെരുവിൽ സമരം തിളയ്ക്കുന്ന സമയമാണ് ഇതിന് ഏറ്റവും ഉചിതമെന്ന് പാർട്ടി നേതൃത്വം കരുതുന്നു. ‘സഹാറൻപൂരിൽ ഞാനെത്തിയത് നിങ്ങളെ കേൾക്കാനാണ്. മനസ്സിലാക്കാനാണ്. എന്റെ ചിന്തകൾ പങ്കുവയ്ക്കാനാണ്. നിങ്ങളുടെ പോരാട്ടത്തിന് പിന്തുണ നൽകാനാണ്’ – എന്ന പ്രിയങ്കയുടെ വാക്കുകൾ മാത്രം മതി അതിനു തെളിവായി.

ഗംഗാസ്‌നാനം ചെയ്ത്, പോരിന് കാഹളം മുഴക്കി പ്രിയങ്ക; കരുതലോടെ യോഗി

കരുതലോടെ യോഗി

മഹാപഞ്ചായത്ത് അരങ്ങേറിയ സഹാറൻപൂരിൽ യോഗി സർക്കാർ ബുധനാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സാധാരണ നടപടിക്രമമാണ് എന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു എങ്കിലും പ്രിയങ്കയുടെ ഇടയ്ക്കിടെയുള്ള വരവ് യോഗി സർക്കാറിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട് എന്ന് വ്യക്തം. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ മറിഞ്ഞ് കൊല്ലപ്പെട്ട കർഷകന്റെ ബന്ധുക്കളെ കാണാനും കഴിഞ്ഞ ദിവസം പ്രിയങ്ക യുപിയിലെത്തിയിരുന്നു.

യുപിയുടെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം യോഗിക്കെതിരെ രൂക്ഷമായ ആക്രമണമാണ് ട്വിറ്ററിലും അല്ലാതെയും പ്രിയങ്ക നടത്തിക്കൊണ്ടിരിക്കുന്നത്. തന്റെ പ്രവർത്തനം യുപിയിൽ മാത്രമായി പ്രിയങ്ക കേന്ദ്രീകരിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത വർഷമാണ് യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പ്.