India

കിസാൻ മഹാപഞ്ചായത്ത് നടക്കേണ്ട സഹാറൻപൂരിൽ നിരോധനാജ്ഞ; യോഗിയും പ്രിയങ്കയും നേർക്കുനേർ

ലഖ്‌നൗ: പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ കിസാൻ മഹാപഞ്ചായത്ത് നടക്കാനിരിക്കെ സഹാറൻപൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സഹാറൻപൂരിലെ ഛിൽകാനയിലാണ് കോൺഗ്രസ് ഇന്ന് മഹാപഞ്ചായത്ത് പ്രഖ്യാപിച്ചിരുന്നത്. നേരത്തെ, സഹാറൻപൂരിലെ ഗാന്ധിപാർക്കിൽ ഫെബ്രുവരി എട്ടിന് നിശ്ചയിച്ചിരുന്ന കിസാൻ സംവാദത്തിനും ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു.

ബേഹാതിലെ ശകുംഭാരി ദേവി ക്ഷേത്രത്തിലും റായ്പൂരിലെ ഷാ അബ്ദുൽ റഹീം ദർഗയിലും സന്ദർശനം നടത്തിയ ശേഷമാകും പ്രിയങ്ക ഇവിടെയെത്തുകയെന്ന് സഹാറൻപൂർ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ മുസഫർ അലി ഗുർജാർ അറിയിച്ചിരുന്നു. പരിപാടിക്ക് ജില്ലാ ഭരണകൂടം അനുമതി നൽകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.

കോൺഗ്രസിന് ഏറെ സ്വാധീനമുള്ള സഹാറൻപൂരിൽ പാർട്ടിക്ക് രണ്ട് എംഎൽഎമാരുണ്ട്. ബേഹാതിൽ നിന്ന് നരേഷ് സൈനിയും സഹാറൻപൂർ ദേഹാതിൽ നിന്ന് മസൂദ് അക്തറും. ഇതിന് പുറമേ, മുൻ എംഎൽഎ ഇംറാൻ മസൂദിനും ജില്ലയിൽ നിർണായക സ്വാധീനമുണ്ട്.

അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കോൺഗ്രസിന്റെ പ്രതിഷേധ പരിപാടികൾ. എന്നാൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിലൂടെ കിസാൻ മഹാപഞ്ചായത്ത് നടക്കിലെന്ന് അധികൃതർ കണക്കുകൂട്ടുന്നു. ഇതോടെ പ്രിയങ്കാ ഗാന്ധിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഒരിക്കൽക്കൂടി നേർക്കുനേർ വരുമെന്ന് ഉറപ്പായി. യോഗിയുടെ നയങ്ങളെ നിരന്തരം വിമർശിക്കുന്ന പ്രിയങ്ക ഈയിടെ റിപ്പബ്ലിക് ദിന പരേഡിൽ മരിച്ച കർഷകന്റെ ബന്ധുക്കളെ സന്ദർശിച്ചിരുന്നു. ഇതിന് ശേഷമാണ് കർഷകരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോൺഗ്രസ് കൂടുതൽ ശ്രദ്ധ കൊടുത്തത്.

സംസ്ഥാനത്തുടനീളം ജയ് ജവാൻ ജയ് കിസാൻ എന്ന പ്രചാരണ പരിപാടിക്ക് പാർട്ടി രൂപം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 27 ജില്ലകളിലും കർഷക പരിപാടികൾ വിഭാവനം ചെയ്തിട്ടുള്ളത്. സഹാറൻപൂരിലെ മഹാപഞ്ചായത്തായിരുന്നു ഇതിൽ ആദ്യത്തേത്. ഷംലി, മുസഫർ നഗർ, ഭാഗ്പത്, മീററ്റ്, ബിജിനോർ, ഹാപുർ, ബുലന്ദ്ഷഹർ, അലിഗർ, ഹാത്രസ്, മഥുര, ആഗ്ര, ഫിറോസാബാദ്, ബദായുൻ, ബറേലി, റാംപൂർ, പിലിഭിത്, ലഖിംപൂർഖേർ, സീതാപൂർ, ഹർദോയി ജില്ലകളിലും കോൺഗ്രസ് പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.