കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബി.ജെ.പി നീക്കം പാളിയതോടെ പരിഹാസവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു. ഡല്‍ഹിയിലെ റിസോര്‍ട്ടില്‍ കഴിയുന്ന ബി.ജെ.പി എം.എല്‍.എമാരെയാണ് ദിനേഷ് ഗുണ്ടു പരിഹസിച്ചത്.
ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ അവധിക്കാലം ആഘോഷിക്കുന്ന ബി.ജെ.പിയുടെ എല്ലാ എം.എല്‍.എമാരെയും തിരിച്ചുവിളിക്കുന്നു. നിങ്ങള്‍ക്ക് നാണക്കേടൊന്നും തോന്നേണ്ട കാര്യമില്ല, എല്ലാവര്‍ക്കും സുസ്വാഗതം എന്നാണ് ദിനേഷ് ഗുണ്ടു പറഞ്ഞത്. നവ വീര്യത്തോടെ എം.എല്‍.എമാര്‍ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കാം. ഇത്രയും കാലം അവഗണിച്ച സ്വന്തം മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളൊക്കെ ഇനി അവര്‍ വേഗത്തില്‍ തീര്‍ക്കുമെന്ന് കരുതുന്നുവെന്നും ദിനേഷ് ഗുണ്ടു റാവു പറഞ്ഞു
27000 മുതല്‍ 31000 രൂപ വരെ പ്രതിദിനം ഒരു മുറിക്ക് ഈടാക്കുന്ന ഹോട്ടലില്‍ 70 റൂമുകളാണ് ബി.ജെ.പി എം.എല്‍.എമാര്‍ക്ക് വേണ്ടി ബുക്ക് ചെയ്തിരുന്നത്. കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ച് സര്‍ക്കാരിനെ താഴെയിറക്കാനുള്ള നീക്കം പാളിയതോടെയാണ് എം.എല്‍.എമാരെ തിരികെയെത്തിക്കുന്നത്. എം.എല്‍.എമാര്‍ ക്രിക്കറ്റ് കളിച്ചും സിനിമ കണ്ടും ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
അതിനിടെ മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരെ മുംബൈയിലെത്തിച്ച് സ്വാധീനിക്കാന്‍ ബി.ജെ.പി ശ്രമിച്ചിരുന്നു. എന്നാല്‍ ഇവരില്‍ രണ്ട് പേര്‍ തിരിച്ചെത്തിയെന്നാണ് വിവരം. ഇന്ന് നിയമസഭാ കക്ഷിയോഗത്തില്‍ മുഴുവന്‍ എം.എല്‍.എമാരും പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ അവകാശവാദം.