India National

കോണ്‍ഗ്രസിലെ പ്രതിസന്ധിയില്‍ അയവില്ല

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വയ്ക്കാനുള്ള തീരുമാനത്തിൽ രാഹുൽ ഗാന്ധി ഉറച്ചുനിൽക്കുന്നതോടെ കോൺഗ്രസിലുണ്ടായ പ്രതിസന്ധിയിൽ അയവില്ല. രാഹുലിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഇന്നലെയും ഫലം കണ്ടില്ല. ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവിന്റെ കാര്യത്തിലും അനിശ്ചിതത്വം ബാക്കിയാണ്.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന നിലപാടിൽ തന്നെയാണ് രാഹുൽ ഗാന്ധി. അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളൊരാളെ കണ്ടെത്തണം. ലോക്സഭയിലെ പാര്‍ട്ടിയുടെ കക്ഷി നേതാവ് സ്ഥാനവും പാർട്ടി പുനഃസംഘടനാ ചുമതലയും വഹിക്കാം എന്നാണ് രാഹുലിന്റെ നിലപാട്. അനുനയത്തിനായെത്തിയ അശോക് ഗെലോത്ത്, സച്ചിൻ പൈലറ്റ്, കെ.സി വേണുഗോപാൽ തുടങ്ങിയവരെ കാണാൻ പോലും രാഹുൽ ഇന്നലെ കൂട്ടാക്കിയിരുന്നില്ല. പ്രിയങ്കയെ ഗാന്ധിയോട് സംസാരിച്ച് മടങ്ങുകയാണുണ്ടായത്. രാഹുലിനെ രാജിതീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ ഇന്നും തുടരും. രാജസ്ഥാൻ, ഹരിയാന സംസ്ഥാന ഘടകങ്ങൾ ഇന്ന് യോഗം ചേർന്ന് രാജി തീരുമാനം തള്ളിയ പ്രവർത്തക സമിതി പ്രമേയത്തെ പിന്തുണക്കും.

മറ്റ് പി.സി. സികളും രാജി പിൻവലിക്കാൻ ആവശ്യപ്പെട്ട് ഇമെയിൽ സന്ദേശങ്ങൾ അയക്കുന്നുണ്ട് . പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അടുത്ത് തന്നെ കോണ്‍ഗ്രസ് പ്രവർത്തക സമിതി ചേര്‍ന്നേക്കും. അതേസമയം, തോൽവിയുടെ പിന്നാലെ മധ്യപ്രദേശ്, രാജസ്ഥാൻ ഘടകങ്ങളിൽ വിഭാഗീയത ശക്തമായിട്ടുണ്ട്. മുഖ്യമന്ത്രി കമൽനാഥ് പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ജ്യോതിരാദിത്യ സിന്ധ്യക്ക് ചുമതല കൈമാറണമെന്ന് അദ്ദേഹത്തെ പിന്തുണക്കുന്നവർ ആവശ്യപ്പെട്ടു കഴിഞ്ഞു. രാജസ്ഥാനിൽ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആവശ്യം.