India National

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. ഇക്കാര്യം ചർച്ച ചെയ്യാൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന് ചേരും. പാർലമെന്റ് അനക്സിൽ ഉച്ചക്ക് രണ്ട് മണിക്കാണ് യോഗം. യോഗത്തിൽ നിന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബനർജിയും ബി.എസ്.പി നേതാവ് മായവതിയും വിട്ടു നിൽക്കും.

പൗരത്വ ഭേദഗതി നിയമവുമായി കേന്ദ്രം മുന്നോട്ട് പോകവെ പ്രതിഷേധം ശക്തമാക്കാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ഇക്കാര്യത്തിൽ തുടർ നീക്കം ചർച്ച ചെയ്യാനാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചിരക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ അധികാരത്തിലുള്ള സാംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുന്നതും ചർച്ചയാകും.

രാജ്യത്തെ വിവിധ സർവകലാശാലകളിൽ തുടരുന്ന സമരങ്ങളും പൊലീസ് നടപടിയും ചർച്ച ചെയ്യും. കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരായ വിമർശനത്തിന് പിന്നാലെയാണ് മായാവതിയുടെ പിന്മാറ്റം. കോട്ടയിൽ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട അമ്മമാരെ സന്ദർശിക്കാതെ യുപിയിൽ പൗരത്വ പ്രതിഷേധത്തിനിടെ പരിക്കേറ്റവരെയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും സന്ദർശിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്നായിരുന്നു മായാവതിയുടെ വിമർശം. കഴിഞ്ഞ ആഴ്ച നടന്ന അഖിലേന്ത്യ പണിമുടക്കിനിടെ ഇടത്- തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടിയതിനെ തുടർന്ന് യോഗത്തിൽ പങ്കെടുക്കില്ലെന്ന് മമതാ ബാനർജി പ്രതികരിച്ചിരുന്നു.