കോണ്‍ഗ്രസ് മുഖ്യമന്ത്രിമാർ ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരാനാകില്ലെന്ന തീരുമാനം രാഹുല്‍ മാറ്റണമെന്നാവശ്യപ്പെട്ടാണ് കൂടിക്കാഴ്ച. കർണാടകയിൽനിന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കും.
കമൽനാഥ്, അശോക് ഗെലോട്ട്, വി നാരായണ സ്വാമി , അമരീന്ദർ സിംഗ് ഭൂപേഷ് ഭാഗേൽ എന്നിവരാണ് കൂടിക്കാഴ്ചക്കെത്തുന്ന മുഖ്യമന്ത്രിമാർ. ഇതോടൊപ്പം കര്‍ണ്ണാടകയില്‍ നിന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും കൂടിക്കാഴ്ചയിൽ പങ്കെടുക്കും. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് മാറുമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ മനസ് മാറ്റുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ഉദ്ദേശം. കഴിഞ്ഞ ദിവസം നാനപടോലെ, ഗോവ പി.സി.സി അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കര്‍, അടക്കമുള്ളവര്‍ തോൽവിയിൽ തങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്ന് വ്യക്തമാക്കി രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രാഹുലിനെ കാണാനെത്തുന്നത്. തീരുമാനത്തില്‍ നിന്ന് രാഹുല്‍ പിന്‍മാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം നിലവില്‍ പാര്‍ട്ടിയില്‍ തുടരുന്ന രാജിക്കാര്യവും നേതാക്കള്‍ ചര്‍ച്ച ചെയ്യും .നിരവധി നേതാക്കള്‍ ഇതിനോടകം രാഹുല്‍മായി ഇക്കാര്യം സംസാരിച്ചുവെങ്കിലും തീരുമാനത്തില്‍ നിന്ന് മാറാനാകില്ലെന്ന് തന്നെയാണ് രാഹുല്‍ നിലപാട് എടുത്തത്. പകരം മറ്റൊരാളെ കണ്ടെത്താനും രാഹുല്‍ ആവശ്യപ്പെട്ടു. എന്നാല്‍ പാര്‍ട്ടിയിലെ അനിശ്ചിതത്വം ചൂണ്ടിക്കാട്ടിയ കേരളത്തിലെ മുതിര്‍ന്ന നേതാവിനോട് വൈകാതെ ഒരു തീരുമാനം ഉണ്ടാകുമെന്നും ഇക്കാര്യം വൈകില്ലെന്നും രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്.