India National

പാര്‍ലമെന്ററി സമിതികളുടെ നേതൃസ്ഥാനം കേന്ദ്രം കോണ്‍ഗ്രസിന് നിഷേധിച്ചേക്കും

പാര്‍ലമെന്ററി സമിതികളുടെ നേതൃസ്ഥാനം കേന്ദ്രസര്‍ക്കാര്‍ കോണ്‍ഗ്രസിന് നിഷേധിച്ചേക്കും. ലോക്സഭയിലെ കോണ്‍ഗ്രസ് അംഗബലം 52ലേക്ക് ചുരുങ്ങിയതിനാല്‍ ഉയര്‍ന്ന പദവികള്‍ നല്‍കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

കോണ്‍ഗ്രസിന് ചെറിയ സമിതികളുടെ ചെയര്‍മാന്‍ സ്ഥാനം മാത്രം നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ ആലോചന. എന്നാല്‍ രാജ്യസഭയുമായി ബന്ധപ്പെട്ട ആഭ്യന്തര കാര്യ സമിതി അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിന് നിലനിര്‍ത്താനാകും. സമിതി ചെയര്‍മാനായിരുന്ന പി ചിദംബരം ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ ആനന്ദ് ശര്‍മ്മയെ നിയമിച്ചേക്കും. വീരപ്പ മൊയ്‍ലി ചെയര്‍മാനായ ധനകാര്യ സമിതിയും ശശി തരൂര്‍ ചെയര്‍മാനായ വിദേശകാര്യ സമിതിയുമാണ് നിലവിലുണ്ടായിരുന്നത്.

കേന്ദ്ര നീക്കം അംഗീകരിക്കാനാകാത്തതും കീഴ്‍വഴക്കങ്ങള്‍ മറികടന്നുള്ളതുമാണെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രജ്ഞന്‍ ചൌധരി പ്രതികരിച്ചു. ബി.ജെ.പി ചെറിയ പാര്‍ട്ടിയായിരുന്നപ്പോള്‍ യു.എന്നിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കാന്‍ എ.ബി വാജ്പേയിയെ അയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്ട് അസാധുവാക്കലില്‍ ധനകാര്യ സമിതി അധ്യക്ഷന്‍ വീരപ്പ മൊയ്‍ലിയും ദോക്ലാം വിഷയത്തില്‍ ശശി തരൂരും സ്വീകരിച്ച നിലപാടുകള്‍ ഒന്നാം മോദി സര്‍ക്കാരില്‍ ബി.ജെ.പിയുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.