ജയ്ഷെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറിന് അനുകൂലമായ ചൈനയുടെ നിലപാടിനെച്ചൊല്ലി കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ വാക്‌പോര്.
ചൈനയക്ക് മുന്നില്‍ തലകുനിക്കുന്ന ദുര്‍ബലനാണ് നരേന്ദ്ര മോദിയെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ചൈനക്ക് ഐക്യരാഷ്ട്രസഭയില്‍ സ്ഥിരാംഗത്വം കിട്ടാന്‍ കാരണക്കാരായ കോണ്‍ഗ്രസാണ് യഥാര്‍ഥ കുറ്റവാളികളെന്നായിരുന്നു ബി.ജെ.പിയുടെ ആക്ഷേപം.
ഇന്ത്യയുടെ ആവശ്യത്തില്‍ കൂടുതല്‍ ചർച്ച വേണമെന്നാണ് ചൈനയുടെ നിലപാട്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ മോദിക്ക് ഭയമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമൊത്ത് ഗുജറാത്തില്‍ ഊഞ്ഞാലാടും, ഡല്‍ഹിയില്‍ കെട്ടിപ്പിടിക്കും. ചൈനയില്‍ ചെന്ന് തല കുനിക്കും. ഇതാണ് മോദിയുടെ ചൈന നയതന്ത്രം എന്നും രാഹുല്‍ പരിഹസിച്ചു.
ചൈനയുടെ നിലപാടില്‍ പ്രതിരോധത്തിലായ സര്‍ക്കാരും ബി.ജെ.പിയും ചൈനയുടെ സ്ഥിരാംഗ പദവിയെയും അതിന് കാരണക്കാരായ രാഹുലിന്റെ മുത്തച്ഛന്‍ ജവഹര്‍ ലാല്‍ നെഹ്റുവിനെയും പഴിചാരുകയാണ്. ചൈനയുടെ നിലപാടില്‍ ഇന്ത്യ നേരത്തെ കടുത്ത നിരാശ രേഖപ്പെടുത്തുകയുണ്ടായി.
ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ അഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ യു.എന്‍ രക്ഷാസമിതിയില്‍ ചൈന വീണ്ടും എതിര്‍ത്തതാണ് പുതിയ വാഗ്വാദത്തിന് കാരണമായത്.