India National

ഒന്നാം ഘട്ട പോളിങിന് അഞ്ച് ദിവസം ബാക്കി; ആരോപണ-പ്രത്യാരോപണങ്ങളാല്‍ സജീവമായി ദേശീയ രാഷ്ട്രീയം

ഒന്നാം ഘട്ട പോളിങ്ങിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ ആരോപണ-പ്രത്യാരോപണങ്ങളാല്‍ സജീവമായി ദേശീയ രാഷ്ട്രീയം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ പെരുമാറ്റച്ചട്ടമാണ് നടപ്പിലാക്കുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപണം. രാഹുല്‍ഗാന്ധി പ്രസംഗത്തില്‍ മാന്യത പാലിക്കണമെന്ന് സുഷമാ സ്വരാജ് ആവശ്യപ്പെട്ടു. യു.പി മുഖ്യമന്ത്രി ആദിത്യനാഥിന്‍റെയും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറിനെതിരെയുമുള്ള തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ സ്വീകരിച്ച മൃദുസമീപനത്തെച്ചൊല്ലിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തിരിഞ്ഞത്.

സൈന്യത്തെ മോദിയുടെ സേനയെന്ന് വിശേഷിപ്പിച്ച ആദിത്യനാഥിന് മേലില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഉപദേശം നല്‍കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തത്. കോണ്‍ഗ്രസിന്റെ മിനിമം വരുമാനപദ്ധതി അപ്രായോഗികമെന്ന് പരസ്യമായി പ്രതികരിച്ച നീതി ആയോഗ് വൈസ് ചെയര്‍മാന്‍റെ നടപടിയും ചട്ടലംഘനമായി കണ്ടെത്തിയെങ്കിലും അതൃപ്തിയിലൊതുക്കുകയായിരുന്നു കമ്മീഷന്‍.

മാതൃകാപെരുമാറ്റച്ചട്ടത്തിന് പകരം മോദി പെരുമാറ്റച്ചട്ടമാണ് കമ്മീഷന്‍ നടപ്പിലാക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ട്വിറ്ററിലൂടെ പരിഹസിച്ചു. രാഷ്ട്രീയ ഗുരുവായ അദ്വാനിയെ അപമാനിച്ചിറക്കിവിട്ട മോദി എന്ത് ഹിന്ദു ധര്‍മ്മത്തെക്കുറിച്ചാണ് പ്രസംഗിക്കുന്നതെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വിമര്‍ശിച്ചതിനെതിരെ, രാഹുല്‍ പ്രസംഗങ്ങളില്‍ മാന്യത പാലിക്കണമെന്നും പിതൃതുല്യനായ അദ്വാനിക്കെതിരായ പരാമര്‍ശം വേദനിപ്പിച്ചെന്നും സുഷമാ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.

ഒഡിഷ, ചത്തിസ്ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉത്തരാഖണ്ഡില്‍ പ്രചാരണത്തിലാണ്. അമിത് ഷാ അഹമ്മദാബാദില്‍ റോഡ് ഷോയില്‍ പങ്കെടുക്കും. ബി.ജെ.പി വിട്ട ശത്രുഘ്നന്‍ സിന്‍ഹ ഔദ്യോഗികമായി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. സിന്‍ഹ ബിഹാറിലെ പട്ന സാഹിബ് മണ്ഡലത്തില്‍ രവിശങ്കര്‍ പ്രസാദിനെതിരെ മത്സരിക്കും.