ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തെരഞ്ഞെടുപ്പ് പ്രകടനത്തിന്‍റെ ആത്മവിശ്വാസത്തില്‍ ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിനെ അഭിമുഖികരിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. അടുത്ത ആഴ്ച ജാര്‍ഖണ്ഡിലെ മഹാസഖ്യത്തിന്‍റെ പ്രഖ്യാപനം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് പി.സി.സി അധ്യക്ഷന്‍ രാമേശ്വര്‍ ഒറാണ്‍ പറഞ്ഞു. എന്നാല്‍ ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കാതിരുന്നത് നന്നായെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് നടക്കുന്നതിനൊപ്പം ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് നടക്കുന്നത് ഗുണം ചെയ്യില്ല എന്നതായിരുന്നു ബി.ജെ.പിയുടെ കണക്ക് കൂട്ടല്‍.
അത് ശരിയാണെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം എന്നതാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തിയാല്‍ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നായിരുന്നു ജാര്‍ഖണ്ഡ് ബി.ജെ.പിയുടെ അഭിപ്രായം. ഈ ഡിസംബറില്‍ മാത്രമാണ് ജാര്‍ഖണ്ഡ് നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത്. എന്നാല്‍ ഹരിയാനയിലും മഹാരാഷ്ട്രയിലും സര്‍ക്കാര്‍ രൂപികരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അപ്രതീക്ഷിതമായി ഉണ്ടായ മുന്നേറ്റം കോണ്‍ഗ്രസിന് നല്‍കുന്നത് വലിയ ആത്മവിശ്വാസമാണ്. ജാര്‍ഖണ്ഡില്‍ ജയിക്കാന്‍ പ്രാപ്തമാക്കുന്നതാണ് രണ്ട് സംസ്ഥാനത്തെയും പ്രകടനമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അടുത്ത ആഴ്ചയോടെ പ്രതിപക്ഷ മഹാസഖ്യത്തിന്‍റെ പ്രഖ്യാപനം നടത്തുമെന്ന് കോണ്‍ഗ്രസ് പി.സി.സി അധ്യക്ഷന്‍ വ്യക്തമാക്കി. ഇതിന് മുന്നോടിയായി ജെ.എം.എം പ്രസിഡന്‍റ് ഹേമന്ത് സോറനെ രാമേശ്വര്‍ ഒറാണ്‍ വെള്ളിയാഴ്ച കണ്ടിരുന്നു. ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നും ചില സീറ്റുകളില്‍ കൂടി മാത്രമേ ധാരണായാകാനുള്ളുവെന്നാണ് കോണ്‍ഗ്രസിന്‍റെ അവകാശവാദം. എന്നാല്‍ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് തിരിച്ചടിയായി. ജെ.എം.എം ആര്‍.ജെ.ഡി ജെ.വി.എം.പി, എന്നി പാര്‍ട്ടികളുമായി ഇതിനോടകം കോണ്‍ഗ്രസ് ധാരണയില്‍ എത്തികഴിഞ്ഞു. ഇതിന് പുറമെ ഇടത് പാര്‍ട്ടികളുമായുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്.