India National

സഖ്യരൂപീകരണം: പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത

സഖ്യരൂപീകരണത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ കല്ലുകടി. 21ന് നടക്കാനിരിക്കുന്ന യോഗത്തെ ചൊല്ലി തൃണമൂല്‍ കോണ്‍ഗ്രസിനും എസ്.പി – ബി.എസ്.പി സഖ്യത്തിനുമാണ് അഭിപ്രായഭിന്നതയുള്ളത്.

സഖ്യരൂപീകരണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കുന്നതായാണ് പുറത്തുവരുന്ന സൂചന. അവസാന തെരഞ്ഞെടുപ്പിന് ശേഷം 21ന് യോഗം ചേരാന്‍ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ നേരത്തെ ധാരണയായിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് എസ്.പി – ബി.എസ്.പി പാര്‍ട്ടികള്‍ അറിയിച്ചു. ഫലം വന്നതിന് ശേഷം മാത്രമേ യോഗം ചേരേണ്ടതുള്ളൂവെന്ന നിലപാടിലാണ് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസുമുള്ളത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വടംവലിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

അവസാന ഘട്ട തെഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ പ്രചാരണവുമായി നേതാക്കള്‍ ഇന്നും സജീവമാണ്. നരേന്ദ്ര മോദി ബിഹാറിലും ചണ്ഡീഗഡിലുമാണുള്ളത്. മധ്യപ്രദേശിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രചാരണം. ഹിമാചല്‍ പ്രദേശിലും പഞ്ചാബിലുമാണ് പ്രിയങ്ക ഗാന്ധിയുള്ളത്. അമിത്ഷാ പശ്ചിമ ബംഗാളിലും. വോട്ടിങിനിടെ ബി.ജെ.പി ബൂത്ത് ഏജന്‍റ് ഗിരിരാജ് സിങ് വോട്ടറെ സ്വാധീനിച്ചതിനെ തുടര്‍ന്ന് ഫരീദാബാദില്‍ 88ആം നമ്പര്‍ ബൂത്തില്‍ റീപോളിങിന് കമ്മീഷന്‍ ഉത്തരവിട്ടു. വോട്ടറുടെ കൂടെ വോട്ട് ചെയ്യാന്‍ ബൂത്ത് ഏജന്‍റ് പോയത് രഹസ്യ നിയമത്തിന്‍റെ ലംഘനമാണ്. ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രിസൈഡിങ് ഓഫീസര്‍, റിട്ടേണിങ് ഓഫീസര്‍ എന്നിവര്‍ക്കെതിരെയും കമ്മീഷന്‍ നടപടിയെടുത്തു. ഈ മാസം 19നാണ് റീപോളിങ്.