India National

‘ഉപാധികൾ കേന്ദ്രം അംഗീകരിച്ചു’; കേന്ദ്രവുമായി ചര്‍ച്ചക്ക് തയ്യാറായി കര്‍ഷക സംഘടനകള്‍

കര്‍ഷകപ്രക്ഷോഭം അഞ്ച് ദിവസം പിന്നിടവെ കേന്ദ്രവുമായി ചര്‍ച്ചക്ക് തയ്യാറായി കര്‍ഷകര്‍. ചർച്ചയിൽ പങ്കെടുക്കാനായി കർഷകർ മുന്നോട്ട് വെച്ച ഉപാധികൾ കേന്ദ്രം അംഗീകരിച്ചതോടെ 35 കര്‍ഷക പ്രതിനിധികള്‍ ദല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. കോർഡിനേഷൻ കമ്മിറ്റിയെ ചർച്ചക്ക് വിളിക്കണമെന്നായിരുന്നു കർഷക സംഘടനകളുടെ ആവശ്യം. കേന്ദ്രം ഉപാധികൾ അംഗീകരിച്ച സാഹചര്യത്തിൽ കർഷകർ ചർച്ചയിൽ പങ്കെടുക്കും.

കര്‍ഷക പ്രതിനിധികളായ 32 പേരും മറ്റ് മൂന്ന് പേരുമടക്കം 35 പേരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇവര്‍ ചര്‍ച്ചക്കായി സിംഗു അതിര്‍ത്തിയില്‍ നിന്നും പുറപ്പെട്ടു. ആദ്യം ഡിസംബര്‍ 3നായിരുന്നു കേന്ദ്രം കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രക്ഷോഭം ശക്തിയാര്‍ജിച്ചതോടെ ഒടുവില്‍ ഡിസംബര്‍ ഒന്നിന് തന്നെ കേന്ദ്രം ചര്‍ച്ചക്ക് സന്നദ്ധത അറിയിക്കുകയായിരുന്നു.

നേരത്തെ കേന്ദ്രം വിളിച്ച ചര്‍ച്ചയില്‍ 32 പേരെ മാത്രം പങ്കെടുപ്പിക്കുന്നതിനെതിരെ കര്‍ഷക പ്രതിനിധികള്‍ രംഗത്തുവന്നിരുന്നു. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കര്‍ഷക പ്രതിനിധികള്‍ അറിയിച്ചു. 500 ല്‍ അധികം സംഘങ്ങളുള്ളപ്പോള്‍ വെറും 32 സംഘങ്ങളെ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ചത് ശരിയായ നടപടിയല്ലെന്നാണ് കര്‍ഷകര്‍ ആദ്യം പ്രതികരിച്ചിരുന്നത്.