India National

കോവിഡ് മരണനിരക്ക്: ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് തള്ളി കേന്ദ്രം

ഇന്ത്യയിലെ കോവിഡ് മരണങ്ങളെക്കുറിച്ചുള്ള ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് തള്ളി കേന്ദ്രം. ഔദ്യോഗിക കണക്കിന്റെ ഇരട്ടി പേർ രോഗം ബാധിച്ചു മരിച്ചിട്ടുണ്ടാകുമെന്നായിരുന്നു പത്രത്തിന്റെ വിശദമായ റിപ്പോർട്ട്. എന്നാൽ, ഇത് പൂർണമായും അടിസ്ഥാനരഹിതവും തെറ്റായതുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു. ഒരു തെളിവിന്റെയും പിൻബലമില്ലാതെയും വളച്ചൊടിച്ച കണക്കുകളെ ആധാരമാക്കിയുമാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞുവരികയാണ്. കഴിഞ്ഞ 20 ദിവസമായി രാജ്യത്തെ കോവിഡ് കേസുകളിൽ കൃത്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ആഴ്ച മുതൽ 24 സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളിൽ ഇടിവുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്-മന്ത്രാലയം വ്യക്തമാക്കി. കോവിഡ് പരിശോധന പലമടങ്ങ് വർധിപ്പിച്ചിട്ടും കോവിഡ് കേസുകളുടെ എണ്ണം തുടർച്ചയായി കുറഞ്ഞുകൊണ്ടിരിക്കുന്നതെന്നും മന്ത്രാലയം അവകാശപ്പെട്ടു.

നിലവിലെ മരണസംഖ്യയുടെ ഇരട്ടിപേർ ഏറ്റവും ചുരുങ്ങിയത് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടാകുമെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്. രണ്ടുഘട്ടങ്ങളിലായി ഇന്ത്യയിൽ പത്തുലക്ഷത്തിലേറെ പേർക്ക് മഹാമാരിയുടെ ഇരകളായി ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് കണക്കുകൂട്ടുന്നു. വിവിധ അന്താരാഷ്ട്ര പഠനങ്ങളെ ആധാരമാക്കിയാണ് പത്രം ഇങ്ങനെയൊരു നിഗമനത്തിലെത്തിയിരിക്കുന്നത്. പത്തിലേറെ വിദഗ്ധരുമായി ഇതുമായി ബന്ധപ്പെട്ട് ഉപദേശങ്ങൾ തേടുകയും ചെയ്തിട്ടുണ്ട്. ഫോബ്സ് പോലെയുള്ള വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിലെ കണ്ടെത്തൽ വാർത്തയാക്കിയിരുന്നു.