India National

ആക്‌സിസ് മൈ ഇന്ത്യ സര്‍വേയില്‍ പിഴവുകളെന്ന് വിമര്‍ശം

എന്‍ഡിഎ സഖ്യത്തിന് 365 സീറ്റ് വരെ ലഭിക്കാമെന്ന് പ്രവചിച്ച ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലത്തില്‍ പിഴവുകളെന്ന് വിമര്‍ശനം. തെറ്റുകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടതോടെ ഇവരുടെ വെബ്‌സൈറ്റില്‍ നിന്ന് എക്‌സിറ്റ്‌ പോള്‍ ഫലം പിന്‍വലിക്കുകയും പിഴവുകള്‍ തിരുത്തി വീണ്ടും ലഭ്യമാക്കുകയും ചെയ്തു. സ്ഥാനാര്‍ത്ഥികളുടെ മണ്ഡലത്തിലെ സാധ്യത അടിസ്ഥാനപ്പെടുത്തിയല്ല സര്‍വെയെന്നതും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

നടത്തിയ സര്‍വേകളില്‍ 95 ശതമാനം കൃത്യതയാണ് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സര്‍വേക്കുള്ളത്. എന്നാല്‍ ഇത്തവണ നിരവധി പിഴവുകളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉദാഹരണത്തിന് ഉത്തരാഖണ്ഡിലെ അഞ്ച് സീറ്റുകളിലും കൃത്യമായ ഭൂരിപക്ഷത്തോടെ ബിജെപി വിജയിക്കുമെന്ന് സര്‍വേ പ്രവചിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലായി കാണിച്ചിരിക്കുന്നത് രാജസ്ഥാനിലെ മുനിസിപ്പാലിറ്റികളെയാണ്.

കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി പോലും ഇല്ലാത്ത തമിഴ്‌നാട്ടിലെ ചെന്നൈ സെന്‍ട്രലില്‍ കോണ്‍ഗ്രസ് ജയിക്കുമെന്നും സര്‍വെ പറയുന്നു. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് സിക്കിമില്‍ ജയിക്കുമെന്ന് പറയുന്ന സര്‍വേ പക്ഷെ രണ്ടാം സ്ഥാനത്തുള്ള സിക്കിം ക്രാന്തികാരി മോര്‍ച്ച കൂടുതല്‍ വോട്ട് നേടുമെന്നും അവകാശപ്പെടുന്നു. വൈരുധ്യങ്ങള്‍ ട്വിറ്ററില്‍ ചര്‍ച്ചയായതോടെ ഇത് പിന്നീട് കടുത്ത മത്സരമെന്ന് ആക്‌സിസ് മൈ ഇന്ത്യ തിരുത്തി.

സര്‍വേ നടത്തിയത് രാഷ്ട്രീയ പാര്‍ട്ടികളുടെ ജനപ്രീതി അടിസ്ഥാനപ്പെടുത്തി മാത്രമാണെന്നും സ്ഥാനാര്‍ത്ഥികളുടെ മണ്ഡലത്തിലെ സ്വാധീനം കണക്കാക്കിയിട്ടില്ലെന്നുമുള്ള ആകിസ്സ് മൈ ഇന്ത്യയുടെ വെബ്‌സൈറ്റിലെ ജാമ്യമെടുക്കലിന് നേരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പിഴവുകള്‍ ചൂണ്ടിക്കാട്ടിയുള്ള ട്വിറ്ററിലെ വിമര്‍ശനത്തിന് പിന്നാലെ സര്‍വെ വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിച്ച് തെറ്റുകള്‍ തിരുത്തി വീണ്ടും പ്രസിദ്ധീകരിക്കുകയായിരുന്നു.