ജമ്മു കശ്മീരിലെ ആശയ വിനിമയ സൗകര്യങ്ങൾ 15 ദിവസത്തിനകം പൂര്‍ണമായി പുനസ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഗ്രാമമുഖ്യന്മാർക്ക് 2 ലക്ഷത്തിന്റെ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ആഗസ്ത് 5 മുതലാണ് ആശയവിനിമയ സംവിധാനങ്ങള്‍ വിലക്കിയത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നായിരുന്നു സര്‍ക്കാരിന്‍റെ അവകാശവാദം. തീവ്രവാദികള്‍ തമ്മിലുള്ള ആശയവിനിമയം തടയാനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളില്‍ ഒരാള്‍ പോലും ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആശവിനിമയ സംവിധാനം നിയന്ത്രിക്കുന്നതില്‍ എന്താണ് തെറ്റ് എന്നുമാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക് ചോദിച്ചത്. അതേസമയം ജമ്മു കശ്മീരിലുള്ള പ്രിയപ്പെട്ടവരുടെ വിവരങ്ങള്‍ ഒന്നും അറിയാതെ ആശങ്കയിലായിരുന്നു നിരവധി ജനങ്ങള്‍.