India

“തമാശകള്‍ക്ക് പ്രതിരോധം ആവശ്യമില്ല” സുപ്രീം കോടതിയോട് മാപ്പ് പറയാതെ കുനാല്‍ കമ്ര

അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചതിൽ സുപ്രീംകോടതിയെ പരിഹസിച്ച് കൊണ്ട് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് കുനാൽ കമ്രക്ക് കോടതിയലക്ഷ്യം നേരിടേണ്ടി വന്നത്

തമാശകൾക്ക് പ്രതിരോധം ആവശ്യമില്ലെന്ന് സ്റ്റാന്റ് ആപ്പ് കൊമേഡിയൽ കുനാൽ കമ്ര. കോടതിയലക്ഷ്യ നോട്ടീസിനുള്ള മറുപടിയിലാണ് കുനാല്‍ കമ്രയുടെ പ്രതികരണം. തന്‍റെ മറുപടിക്കൊപ്പം സുപ്രീംകോടതിക്കെതിരായ തന്‍റെ ട്വീറ്റുകൾ പിൻവലിക്കാനോ മാപ്പ് പറയാനോ കുനാല്‍ കമ്ര തയ്യാറായില്ല.

“ജുഡീഷ്യറിയിൽ പൊതുജനങ്ങളുടെ വിശ്വാസം സ്ഥാപിതമായത് സ്ഥാപനങ്ങളുടെ സ്വന്തം പ്രവർത്തനങ്ങളിലാണ്, മറിച്ച് അതിനെക്കുറിച്ചുള്ള വിമർശനങ്ങളിലോ വ്യാഖ്യാനങ്ങളിലോ അല്ല”, കുനാല്‍ സത്യവാങ്മൂലത്തിൽ പ്രതികരിച്ചു.

ആക്ഷേപഹാസ്യത്തിന്റേയോ ഹാസ്യത്തിന്റേയോ വിഷയമായതിനാൽ മാത്രം ജഡ്ജിമാർ ഉൾപ്പെടെയുള്ള ഏതെങ്കിലും ഉയർന്ന അധികാരികൾക്ക് അവരുടെ ചുമതലകൾ നിർവഹിക്കാൻ കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നില്ല” കുനാൽ കമ്ര മറുപടി കത്തിൽ പറഞ്ഞു.

ആത്മഹത്യ പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചതിൽ സുപ്രീംകോടതിയെ പരിഹസിച്ച് കൊണ്ട് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് കുനാൽ കമ്രക്ക് കോടതിയലക്ഷ്യം നേരിടേണ്ടി വന്നത്. അഭിഭാഷകര്‍ അടക്കം എട്ട് പേരാണ് കുനാലിനെതിരെ കേസ് ഫയല്‍ ചെയ്തത്. കഴിഞ്ഞ മാസമാണ് ആറ് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കാണിച്ച് സുപ്രീം കോടതി കുനാലിനും കാര്‍ട്ടൂണിസ്റ്റ് രചിത തനേജയ്ക്കും നോട്ടീസ് നല്‍കിയത്. കോടതിയില്‍ ഹാജരാവുന്നതില്‍ ഇളവ് നല്‍കിയെങ്കിലും കോടതി അലക്ഷ്യ കേസില്‍ നടപടി നേരിടാതിരിക്കാനുള്ള കാരണം ബോധ്യപ്പെടുത്താനായിരുന്നു നോട്ടീസ് ആവശ്യപ്പെട്ടത്.