സംസ്ഥാനത്തെ 1018 സ്ഥലപ്പേരുകളാണ് ഇംഗ്ലീഷില്‍ നിന്ന് തമിഴ് ഉച്ചാരണത്തിലേക്ക് മാറ്റി തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്
തമിഴ്‌നാട്ടില്‍ സ്ഥലപ്പേരുകളുടെ ഉച്ചാരണം പൂര്‍ണമായും തമിഴിലേക്ക് മാറുന്നു. ആയിരത്തിലധികം സ്ഥലങ്ങളുടെ പേരുകളാണ് ഇനി മുതല്‍ തമിഴില്‍ തന്നെ കേള്‍ക്കുക. സംസ്ഥാനത്തെ 1018 സ്ഥലപ്പേരുകളാണ് ഇംഗ്ലീഷില്‍ നിന്ന് തമിഴ് ഉച്ചാരണത്തിലേക്ക് മാറ്റി തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ആംഗലേയ ഭാഷയെ ഒരുപടി കൂടി പുറത്തേയ്ക്ക് മാറ്റി നിര്‍ത്തുകയാണ് തമിഴ് വീണ്ടും. മറ്റു ഭാഷകളില്‍ പതിവായി ഉപയോഗിയ്ക്കുന്ന ഇംഗ്ലീഷ് പദങ്ങള്‍ക്ക് തമിഴില്‍ പണ്ടേ സ്ഥാനമില്ല. ഭാഷയെയും സംസ്കാരത്തെയും അത്രകണ്ട് സംരക്ഷിയ്ക്കുന്നുണ്ട് തമിഴ്നാട്ടില്‍. ഇക്കാര്യത്തില്‍ ദ്രാവിഡ പാര്‍ട്ടികളിലൊന്നും അഭിപ്രായ വ്യത്യാസവുമില്ല. പുതിയ തീരുമാനപ്രകാരം കോയമ്പത്തൂര്‍, കോയംപുത്തൂര്‍ ആകും. വെല്ലൂരിനെ വേലൂരാക്കി മാറ്റി. ദിണ്ഡിഗല്‍ ഇനി ‘തിണ്ടുക്കലാണ്. പൂനമല്ലി – പൂവിറുന്തമല്ലി. ട്രിപ്ലിക്കേന്‍ തിരുവള്ളിക്കേനി, എഗ്മോര്‍-എഴുമ്പൂര്‍ എന്നിങ്ങനെ അറിയപ്പെടും.
ഇംഗ്ലീഷ് ഉച്ഛാരണം വരുന്ന സ്ഥലപ്പേരുകള്‍ തമിഴിലേയ്ക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി രണ്ട് വര്‍ഷം മുന്‍പ് സഭയില്‍ അറിയിച്ചിരുന്നു. ഭാഷാ വിദഗ്ധ സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് ഇപ്പോള്‍ പേരുകള്‍ മാറ്റിയത്. പേരുമാറ്റം സംബന്ധിച്ച തുടര്‍നടപടികള്‍ ജില്ലാ കലക്ടര്‍മാര്‍ സ്വീകരിക്കും.