തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ മണ്ഡലത്തില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ നേരിട്ടുള്ള മത്സരമാണ് നടക്കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ ബി.ജെ.പി എണ്ണിപറയുമ്പോള്‍ മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളാണ് സി.പി.എം ഉയര്‍ത്തികാട്ടുന്നത്.
ഇടതുപക്ഷത്തിന് തമിഴ്‌നാട്ടില്‍ ഏറ്റവും അധികം വളകൂറുള്ള മണ്ഡലമാണ് കോയമ്പത്തൂര്‍. കോയമ്പത്തൂരില്‍ നിന്നും നേരത്തെ വിജയിച്ച പി.ആര്‍ നടരാജനെയാണ് സി.പി.എം മത്സരത്തിനിറക്കിയിരിക്കുന്നത്. ഡി.എം.കെ, കോണ്‍ഗ്രസ്, സി.പി.ഐ, മുസ്ലീം ലീഗ്, എം.ഡി.എം.കെ എന്നീ പാര്‍ട്ടികളുടെ സഖ്യ സ്ഥാനാര്‍ഥിയായാണ് നടരാജന്‍ മത്സരത്തിനിറങ്ങുന്നത്. താന്‍ എം.പിയായിരിക്കെ കൊണ്ടുവന്ന വികസന നേട്ടങ്ങളും കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളുമാണ് പ്രധാന തെരഞ്ഞെടുപ്പ് പ്രചരണ വിഷയം.
രണ്ട് തവണ മണ്ഡലത്തില്‍നിന്നും വിജയിച്ച സി.പി രാധാകൃഷ്ണനാണ് ബി.ജെ.പി സ്ഥനാര്‍ഥി. എ.ഡി.എം.കെ, ഡി.എം.ഡി.കെ, പട്ടാളിമക്കള്‍ കക്ഷി എന്നിവരുടെ മുന്നണി സ്ഥാനാര്‍ഥിയാണ് ബി.ജെ.പിയുടെ സി.പി രാധാകൃഷ്ണന്‍. എ.ഡി.എം.കെയുടെ എ.പി നടരാജനാണ് സിറ്റിങ് എം.പി. കേന്ദ്രസര്‍ക്കാറിന്റെ വികസനമാണ് ബി.ജെ.പി ഉയര്‍ത്തികാട്ടുന്നത്.
പ്രധാനമന്ത്രിയെ കോയമ്പത്തൂരിലെത്തിച്ച് തെരഞ്ഞെടുപ്പ് കൊഴുപ്പിക്കനാണ് ബി.ജെ.പി ശ്രമം. സ്റ്റാലിനെയും, ദേശീയ തലത്തിലുള്ള സിപിഎം, കോണ്‍ഗ്രസ് നേതാക്കളെയും ഇറക്കിയാണ് സിപിഎമ്മിന്റെ പ്രചാരണം. എ.എം.എം.കെയുടെ അപ്പാദുരൈയും മത്സര രംഗത്ത് സജീവമാണ്