തീരദേശ പരിപാലന നിയമം ഭേദഗതി ചെയ്യാനുള്ള നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്കിയെതിനെതിരെ മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്. നിയമം ഭേദഗതി ചെയ്യാനുള്ള അംഗീകാരം പുനഃപരിശോദിക്കണമെന്നാവശ്യപ്പെട്ട് കേരള മത്സ്യതൊഴിലാളി ഐക്യവേദിയാണ് സമരത്തിനൊരുങ്ങുന്നത്. ഭേദഗതി നടപ്പാക്കുന്നതിലൂടെ തീരപ്രദേശങ്ങള്‍ വന്‍കിടക്കാര്‍ക്ക് തീറെഴുതി നല്കുകയാണെന്നാണ് മത്സ്യ തൊഴിലാളികളുടെ ആരോപണം.
കടല്‍ – കായല്‍ മേഖലകളുടെയും തീരദേശവാസികളുടെയും പരിസ്ഥിതിയുടെയും സംരക്ഷണം ലക്ഷ്യമിട്ടാണ് 1991 ല്‍ തീരദേശ പരിപാലന നിയമം നടപ്പാക്കിയത്. എന്നാല്‍ നിയമത്തില്‍ രണ്ടു വട്ടം ഭേദഗതി വരുത്തി രണ്ടു വട്ടം വിഞ്ജാപനം പുറപ്പെടുവിച്ചതോടെയാണ് തൊഴിലാളികള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വരുന്നത്. നിയമ ഭേദഗതിക്ക് തത്വത്തില്‍ അംഗീകാരമായതോടെ തീരപ്രദേശങ്ങള്‍ വന്‍കിടക്കാര്‍ക്ക് തീറെഴുതി നല്കാനും തീരദേശവാസികളെ നിഷ്കാസനം ചെയ്യാനുമുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നാണ് മത്സ്യ ത്തൊഴിലാളികളുടെ ആരോപണം.
എന്‍.ഡി.എ ഗവണ്മെന്റ് അധികാരത്തിലെത്തിയ ശേഷം 2014 ല്‍ പരിസ്ഥിതി നിയമങ്ങള്‍ പരിശോധിക്കാന്‍ നിയമിച്ച ടി.ആര്‍.എസ് സുബ്രമണ്യം , ശൈലേഷ് നായിക് കമ്മറ്റികളുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരദേശ നിയമം ഭേദഗതിക്ക് വിധേയമായത്. നിയമം ഭേദഗതി ചെയ്യാനുള്ള നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നത്.