മാവോയിസ്റ്റ് ഭീഷണി പരിഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഡൽഹിയിൽ അതീവ സുരക്ഷ ഏർപ്പെടുത്തി. ബുള്ളറ്റ് പ്രൂഫ് വാഹനവും ജാമർ അടക്കമുള്ള സുരക്ഷാ സംവിധാനവുമാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണവും വര്‍ധിപ്പിച്ചു.
രണ്ടുദിവസത്തെ പൊളിറ്റ്ബ്യൂറോ യോഗത്തിനായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തിയത്. വിമാനത്താവളത്തിൽ മുഖ്യമന്ത്രി എത്തിയതു മുതൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ജാമറും ബുള്ളറ്റ് പ്രൂഫ് വാഹനവും സുരക്ഷയ്ക്കായി ഏർപ്പെടുത്തി.
കേരള പോലീസിന് പുറമേ ഡൽഹി പൊലീസിനെയും നാല് കമാൻഡോകളെയും അധികമായി നിയോഗിച്ചിട്ടുണ്ട്. മാവോയിസ്റ്റ് വേട്ട നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഉചിതമായ ശിക്ഷ നൽകുമെന്ന് പ്രഖ്യാപിച്ച മാവോയിസ്റ്റുകളുടെ കത്ത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈയൊരു സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ ഒരുക്കണമെന്ന് ആഭ്യന്തരവകുപ്പ് നിർദേശിച്ചത്. പൊളിറ്റ്ബ്യൂറോ യോഗം നടക്കുന്ന രണ്ടു ദിവസവും മുഖ്യമന്ത്രിക്ക് ഇത്തരത്തിൽ സുരക്ഷ ഉണ്ടാകും.