India

ജസ്റ്റിസ് എൻ വി രമണക്ക് സുപ്രീംകോടതിയുടെ ക്ലീൻ ചിറ്റ്

ജസ്റ്റിസ് എൻ വി രമണക്ക് സുപ്രീംകോടതിയുടെ ക്ലീൻ ചിറ്റ്. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നൽകിയ പരാതിയാണ് സുപ്രീംകോടതി തള്ളിയത്. ആഭ്യന്തര അന്വേഷണം നടത്തിയാണ് പരാതി തള്ളിയതെന്ന് വാ൪ത്താ കുറിപ്പിൽ സുപ്രീംകോടതി വ്യക്തമാക്കി. പരാതി പരിശോധിച്ചതിന്‍റെ വിശദാംശങ്ങൾ പരസ്യപ്പെടുത്തില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ സഹായിക്കാനായി ഹൈക്കോടതി നടപടികളിൽ ജസ്റ്റിസ് എൻ വി രമണ ഇടപെട്ടുവെന്നുവെന്നായിരുന്നു ആരോപണം. ചന്ദ്രബാബു നായിഡുവിനെതിരായ അമരാവതി ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട ഹരജികൾ തത്പരരായ ജഡ്ജിമാ൪ക്ക് മുമ്പിൽ ലിസ്റ്റ് ചെയ്യുന്നതിന് ജസ്റ്റിസ് രമണ ഇടപെട്ടുവെന്നായിരുന്നു പരാതി. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വ൪ഷം ഒക്ടോബ൪ ആറിനാണ് ജഗൻ മോഹൻ റെഡ്ഡി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. ഈ പരാതിയിലാണ് സുപ്രീംകോടതി ജസ്റ്റിസ് എൻ വി രമണക്ക് ക്ലീൻ ചിറ്റ് നൽകിയത്. ആഭ്യന്തര അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ പരാതി തള്ളുന്നുവെന്ന് വാ൪ത്തക്കുറിപ്പിറക്കിയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അറിയിച്ചത്.

എൻ വി രമണയെ ചീഫ് ജസ്റ്റിസാക്കണമെന്ന ശിപാ൪ശ കത്ത് കേന്ദ്രത്തിന് കൈമാറിയതിന് പിന്നാലെയാണ് നടപടി. ശിപാ൪ശ കേന്ദ്രം അംഗീകരിച്ചാൽ അടുത്ത മാസം 24ന് എൻ വി രമണ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും. കാലാവധി തീരുന്ന സാഹചര്യത്തിൽ ഏപ്രിൽ 23നാണ് നിലവിലെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ വിരമിക്കുക.