കൊല്‍ക്കത്തയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോക്കിടെ സംഘര്‍ഷം. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ഥി വിഭാഗവും ഇടത് പാര്‍ട്ടി പ്രവര്‍ത്തകരും റോഡ് ഷോക്കിടയില്‍ അമിത് ഷാക്കെതിരെ മുദ്രാവാക്യം വിളിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. അമിത് ഷായുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായി. സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ബി.ജെ.പി പ്രവര്‍ത്തകരാണ് അക്രമം ആസൂത്രണം ചെയ്തതെന്ന് മമത ആരോപിച്ചു.
ജാദവ്പൂരില്‍ ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് മമതയുടെ തട്ടകമായ കൊല്‍ക്കത്തയില്‍ അമിത് ഷാ റോഡ് ഷോ നടത്തിയത്. ജയ്ശ്രീറാം വിളികളോടെ മുന്നേറിയ റോഡ് ഷോ കൊല്‍ക്കത്ത യൂനിവേഴ്സിറ്റി കാംപസിനടുത്ത് എത്തിയപ്പോഴാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ഥി വിഭാഗമായ തൃണമൂല്‍ കോണ്‍ഗ്രസ് ഛാത്ര പരിഷത്തിന്‍റെ പ്രവര്‍ത്തകര്‍ അമിത് ഷാക്കെതിരെ മുദ്രാവാക്യവുമായി രംഗത്തെത്തിയത്.
ഗോബാക്ക് വിളികളുമായി രംഗത്തെത്തിയ പ്രവര്‍ത്തകര്‍ അമിത് ഷാക്കെതിരെ കരിങ്കൊടി കാണിച്ചു. ബി.ജെ.പി പ്രവര്‍ത്തകര്‍ യൂനിവേഴ്സിറ്റി ഹോസ്റ്റലിന്‍റെ ഗേറ്റുകളടച്ച് അവിടെ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ അഗ്നിക്കിരയാക്കി. കൂടുതല്‍ പൊലീസെത്തി രംഗം ശാന്തമാക്കുകയായിരുന്നു.