വെര്‍ച്വല്‍ ഹിയറിങ് മഹാഭാരത കാലം മുതലേ ഉള്ളതാണെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ. ഡോ. കഫീല്‍ ഖാന്റെ മാതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.
ഡോ. കഫീല്‍ ഖാന്റെ മോചനവുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ നല്കിയ ഹരജി വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. കക്ഷികള്‍ ഹാജരായി 15 ദിവസത്തിനുള്ളില്‍ എന്നും കോടതി നിര്‍ദേശിച്ചു. ഹാജരാവല്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴിയായാലും മതിയെന്ന് കൂട്ടിച്ചേര്‍ക്കാനാവുമോ എന്ന് ഹരജിക്കാരിയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ് ആരാഞ്ഞു.
വെര്‍ച്വല്‍ ഹിയറിങ് പുതിയ കാര്യമല്ലെന്ന് ഇതിന് ചീഫ് ജസ്റ്റിസ് മറുപടി നല്കി. മഹാഭാരത കാലം മുതല്‍ ഇതുണ്ട്. തനിക്കതറിയില്ലെന്നും കൊവിഡ് കാലം മുതലുള്ളതായി അറിയാമെന്നും ഇന്ദിരാ ജെയ്സിങ് മറുപടി നല്കി.
മറ്റൊരു കേസില്‍ ജാമ്യ ഹർജി വാദം കേൾക്കുന്നതിനിടെ കൃഷ്ണ ജന്മാഷ്ടമി സൂചിപ്പിച്ച് ശ്രീകൃഷ്ണൻ ജയിലിൽ ആണ് ജനിച്ചതെന്നായിരുന്നു ഒരു പരാമർശം. ഇന്ന് കൃഷ്ണൻ ജയിലിൽ ജനിച്ചു? നിങ്ങൾക്ക് ജാമ്യം വേണോ അതോ ജയിലിൽ കഴിയണോ? ചീഫ് ജസ്റ്റീസ് ചോദിച്ചു. നിങ്ങൾക്ക് ജയിൽ വിടണോ? ശ്രീകൃഷ്ണൻ ജയിലിൽ ആണ് ജനിച്ചത്- സി.ജെ.ഐ വീണ്ടും ചോദിച്ചു. ജാമ്യം വേണമെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. നല്ലത്, മതം നിങ്ങളെ തീവ്രമായി ബാധിക്കുന്ന ഒന്നല്ലെന്ന് ചീഫ് ജസ്റ്റീസ് പ്രതികരിച്ചു. കോൺഗ്രസ് പ്രവർത്തകൻ ധര്‍മേന്ദ്ര വാല്‍വിയുടെ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹിന്ദു മിത്തിൽ ഊന്നിനിന്നുള്ള ചീഫ് ജസ്റ്റീസിന്റെ പരാമർശം. വാൽവിക്ക് കോടതി ജാമ്യം അനുവദിച്ചു. ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിൽ ധര്‍മേന്ദ്ര വാല്വിയേയും മറ്റ് അഞ്ച് പേരെയും വിചാരണക്കോടതി ജീവപരന്ത്യം തടവിന് ശിക്ഷിച്ചിരുന്നു. 2017 ല്‍ ബോംബെ ഹൈക്കോടതി വിധി ശരിവച്ചു. ഇതിനെതിരെ പ്രതികള്‍ നല്കിയ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. മറ്റൊരു കേസിൽ മഹാഭാരത കാലം മുതൽ വെർച്വലായി വാദം കേൾക്കൽ ഉണ്ടായിരുന്നെന്നായിരുന്നു ബോബ്ഡെയുടെ പരാമർശം.