India National

ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങാന്‍ സംസ്ഥാനങ്ങളുടെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്ന് മന്ത്രി

ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കാൻ സജ്ജമെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. സംസ്ഥാനങ്ങളുടെ അനുമതി കൂടി വേണം. ഫെഡറല്‍ സിസ്റ്റത്തില്‍ കൂട്ടായി ആലോചിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി. വ്യോമയാന മന്ത്രാലയം, എയർപോർട്ട് ഓപ്പറേറ്റർമാർ, എയർലൈൻസ് തുടങ്ങിയവ എല്ലാം കഴിഞ്ഞ ഒരാഴ്ചയായി വ്യോമഗതാഗതം പുനസ്ഥാപിക്കാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ നാലാം ഘട്ട ലോക്ക് ഡൗൺ മാ‍ർ​ഗ നി‍‌‍ർദേശമനുസരിച്ച് മേയ് 31 വരെ ആഭ്യന്തര വിമാന സ‍ർവ്വീസുകൾക്കുള്ള നിയന്ത്രണ തുടരും. ഇതിനിടെയാണ് മന്ത്രിയുടെ വിശദീകരണം. അനുമതി ലഭിച്ചാല്‍ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ബുക്കിങ് പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

മാ‍‌ർച്ച് അവസാന വാരം മുതല്‍ രാജ്യത്ത് ആഭ്യന്തര വിമാന സ‍ർവ്വീസ് നി‍ർത്തി വെച്ചിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നുള്ള വിമാന സര്‍വീസ് ആദ്യം നിര്‍ത്തിവെച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് മന്ത്രി പറഞ്ഞു. വിമാന യാത്രക്കാരെ സ്ക്രീനിങിന് വിധേയമാക്കുന്ന കാര്യത്തിലും നമ്മുടെ രാജ്യം തുടക്കത്തിലേ ശ്രദ്ധ ചെലുത്തി. 15 ലക്ഷം യാത്രക്കാരെ സ്ക്രീന്‍ ചെയ്തുവെന്നും മന്ത്രി പറഞ്ഞു.