സമരപ്രഖ്യാപനവുമായി സി.ഐ.ടി.യു ദേശീയ സമ്മേളനം അവസാനിച്ചു. അഞ്ച് ദിവസങ്ങളായി ചെന്നൈയില്‍ നടത്തിയ സമ്മേളനം, ആയിരങ്ങള്‍ പങ്കെടുത്ത റാലിയോടെയാണ് സമാപിച്ചത്. ദേശീയ പ്രസിഡന്റായി കെ. ഹേമലതയും സെക്രട്ടറിയായി തപന്‍സെന്നും തുടരും. എം.എല്‍ മല്‍ക്കോട്ടിയയാണ് ട്രഷറര്‍. 16 വൈസ് പ്രസിഡന്റുമാരും 19 സെക്രട്ടറിമാരുമുണ്ട്.
പൗരത്വ നിയമഭേദഗതി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി, സാധാരണക്കാരന്റെ പ്രശ്നങ്ങളിലെല്ലാം സമരരംഗത്തിറങ്ങാനാണ് സി.ഐ.ടി.യു തൊഴിലാളികളോട് ആഹ്വാനം ചെയ്യുന്നത്. എല്ലാ പ്രക്ഷോഭങ്ങളിലും തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കണം. വനിതാ ദിനത്തില്‍ രാജ്യവ്യാപകമായി ജയില്‍നിറയ്ക്കല്‍ സമരം നടക്കും.
സി.എ.എ, എന്‍.പി.ആര്‍, എന്‍.ആര്‍.സി എന്നിവയ്ക്കെതിരെ വീടുകള്‍ കയറിയുള്ള പ്രചാരണം സംഘടിപ്പിയ്ക്കും. വൈകിട്ട് നാലിന്, സെയ്താപേട്ടില്‍ നിന്നു തുടങ്ങിയ പ്രകടനം, നന്ദനം വൈ.എം.സി.എ മൈതാനിയില്‍ സമാപിച്ചു.
തുടര്‍ന്ന്, നടന്ന പൊതുയോഗം ദേശീയ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ ഉദ്ഘാടനം ചെയ്തു. പുതിയ സാഹചര്യത്തില്‍ അവസാനിയ്ക്കാത്ത പോരാട്ടങ്ങള്‍ക്കു തയ്യാറാവാന്‍ തപന്‍സെന്‍ ആഹ്വാനം. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് പ്രസിഡന്റ് മൈക്കിള്‍ മക്വൈബ സമാപന സമ്മേളനത്തിലും പങ്കെടുത്തു.