India National

തെരഞ്ഞെടുപ്പിനൊരുങ്ങുന്നത് മുസ്‌ലിം പൗരത്വവും പാകിസ്ഥാന്‍ വിരോധവും ആയുധമാക്കി

മുസ്‌ലിം പൗരത്വവും പാകിസ്ഥാന്‍ വിരോധവും വീണ്ടും ആയുധമാക്കി തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള തീവ്ര ശ്രമത്തിലാണ് ജാര്‍ഖണ്ഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും. നുഴഞ്ഞു കയറ്റക്കാരുമായോ ബംഗാളി അഭയാര്‍ഥികളുമായോ പ്രത്യക്ഷ ബന്ധങ്ങളില്ലാത്ത സംസ്ഥാനത്ത് രാജ്യത്തെ സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും മറച്ചുപിടിച്ചാണ് മോദിയുടെ പ്രചാരണം.

രാമക്ഷേത്ര നിര്‍മ്മാണവും ബി.ജെ.പി ആയുധമാക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും കടന്നാക്രമിച്ചു കൊണ്ടാണ് ജാര്‍ഖണ്ഡിലുടനീളം നരേന്ദ്ര മോദിയും അമിത് ഷായും തെരഞ്ഞെടുപ്പു പ്രചാരണം നയിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ പാകിസ്ഥാനികള്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് പരസ്യമായി ആവശ്യപ്പെടാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോ എന്നാണ് ബെര്‍ഹൈത്തില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി വെല്ലുവിളിച്ചത്.

വിഷയത്തെ വര്‍ഗീയമായി ദുര്‍വ്യാഖ്യാനം നല്‍കാനുള്ള പഴുത് നല്‍കി പ്രധാനമന്ത്രി അവതരിപ്പിക്കുമ്പോള്‍ ഹൈന്ദവ പാരമ്പര്യത്തിലേക്കും ദലിത് പിന്നാക്ക വിഭാഗങ്ങളോടുള്ള സര്‍ക്കാറിന്റെ നിലപാടിലേക്കുമാണ് അമിത് ഷാ നിയമത്തെ ചേര്‍ത്തുവെക്കുന്നത്. രാമക്ഷേത്ര നിര്‍മ്മാണം ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കിയെടുക്കാനും ബി.ജെ.പിയുടെ ഭാഗത്തു നിന്നു കൊണ്ടുപിടിച്ച നീക്കം നടക്കുന്നുണ്ട്. റാഞ്ചിയിലോ ജാര്‍ഖണ്ഡിലെ മറ്റു നഗരങ്ങളിലോ പൗരത്വ ബില്ലിനെതിരെ പ്രതിഷേധ റാലികള്‍ നടക്കാത്തതാണ് ബി.ജെ.പിക്ക് ഇപ്പോഴും വലിയ പ്രതീക്ഷ നല്‍കാത്തത്.

വരും ദിവസങ്ങളില്‍ ഇത്തരം റാലികളും ഏറ്റുമുട്ടലുകളുമുണ്ടായാല്‍ സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെടുത്താനാവുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. കോണ്‍ഗ്രസിലെ മുസ്‌ലിം നേതാക്കളെ പേരെടുത്തു പറഞ്ഞ് ഇവരെ ജയിപ്പിച്ചാല്‍ എങ്ങനെയാണ് രാമക്ഷേത്രമുണ്ടാക്കാനാവുക എന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് പ്രസംഗിച്ചത് വര്‍ഗീയ ധ്രുവീകരണം മാത്രം ലക്ഷ്യമിട്ടുള്ള നീക്കമായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമീഷന്‍ ഇതുവരെ ഇക്കാര്യത്തില്‍ നോട്ടീസ് അയച്ചിട്ടില്ല.